കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷാ മൂല്യനിർണ്ണയം 27 ന് ആരംഭിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് മൂല്യനിർണയം നടത്തുക.

പ്രത്യേക സാഹചര്യത്തിൽ ആവശ്യത്തിന് വേണ്ട അദ്ധ്യാപകരെ മാത്രം അതത് ചെയർപേഴ്സൺമാർ നിർദ്ദേശിക്കുന്ന പാനൽ പ്രകാരം മൂല്യനിർണയത്തിനായി സർവ്വകലാശാല നിയോഗിക്കും. ഇവർക്കുള്ള നിയമന ഉത്തരവ് ഇമെയിലിൽ ലഭ്യമാക്കും. ഉത്തരവ് ലഭിച്ചവർ മാത്രം 27 ന് അതത് കേന്ദ്രങ്ങളിൽ ഹാജരായി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഉത്തരപേപ്പറുകളും മറ്റ് രേഖകളും കൈപ്പറ്റണം. മൂല്യനിർണ്ണയം പൂർത്തിയാക്കിയ ശേഷം ഉത്തരപേപ്പറുകൾ ചീഫ് എക്സാമിനർമാരുടെ മൂല്യനിർണ്ണയത്തിനായി ജൂൺ 1 ന് അതത് കേന്ദ്രങ്ങളിൽ തിരിച്ചെത്തിക്കേണ്ടതാണ്. തുടർന്ന് ചീഫ് എക്സാമിനർമാരുടെ പരിശോധനയ്ക്കു ശേഷം അവർ നിർദ്ദേശിക്കുന്ന ദിവസങ്ങളിൽ മാർക്ക് ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്നതിലേക്ക് അധ്യാപകർ മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ ഹാജരായാൽ മതിയാകും.

ഇത്തരത്തിൽ ജൂൺ 4 ന് ആറാം സെമസ്റ്റർ ബിരുദമൂല്യനിർണ്ണയം പൂർത്തിയാക്കിയതിനു ശേഷം താവക്കര കേന്ദ്രത്തിൽ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മൂല്യനിർണ്ണയം സമാനമായ രീതിയിൽ നടത്തും.

കോവിഡ് സാഹചര്യത്തിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ മൂല്യനിർണ്ണയം പൂർത്തിയാക്കുന്നതിനും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി പരീക്ഷാചുമതല നിശ്ചയിക്കപ്പെട്ട എല്ലാ അധ്യാപകരുടെയും സഹകരണം ഉണ്ടാവണം

പരീക്ഷാ കൺട്രോളർ ഡോ. പി. ജെ.വിൻസെന്റ്

പരീക്ഷകൾ ജൂണിൽ
കേന്ദ്രസംസ്ഥാന സർക്കാർ ഉത്തരവുകൾക്ക് വിധേയമായി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചും പൊതു യാത്രാ സംവിധാനങ്ങൾ വിലയിരുത്തിയും ആറാം സെമസ്റ്റർ ബിരുദ പ്രോഗ്രാമിന്റെ ശേഷിക്കുന്ന വിഷയങ്ങളുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകളും

നാലാം സെമസ്റ്റർ ബിരുദപ്രോഗ്രാമിന്റെ അവശേഷിക്കുന്ന പരീക്ഷകളും ജൂൺ മാസത്തിൽ നടത്തുന്നതാണ് .

മറ്റെല്ലാ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുടെയും, വിദൂര വിദ്യാഭ്യാസം വഴിയുള്ള പ്രോഗ്രാമുകളുടെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ളവയുടെയും മാറ്റിവെച്ച പരീക്ഷകൾ ജൂൺ, ജൂലായ് മാസങ്ങളിൽ നടക്കും. പരീക്ഷാ തീയ്യതിയും ടൈംടേബിളും പിന്നിട് പ്രസിദ്ധീകരിക്കും.