കണ്ണൂർ: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിലുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്സിഡി ഭക്ഷ്യവസ്തുക്കൾക്ക് ദൗർലഭ്യം. ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുൻപേ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും ഭക്ഷ്യധാന്യങ്ങൾ സബ്സിഡി നിരക്കിൽ നൽകാത്ത അവസ്ഥയിലായിരുന്നെന്നും പരാതിയുണ്ട്.

സ്റ്റോക്ക് കുറവ് കണ്ടെത്തി ഫെബ്രുവരി മാസത്തിൽ ഓർഡർ ചെയ്ത സാധനങ്ങൾ മാർച്ച് മാസത്തിലെങ്കിലും ലഭ്യമാക്കിയിരുന്നുവെങ്കിൽ ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുമായിരുന്നെന്നാണ് പൊതുവെയുള്ള അഭിപ്രായം. ലോക്ക് ഡൗണിനു ശേഷം നിരവധിയാർന്ന ഭക്ഷ്യധാന്യങ്ങൾ വൻകിട വ്യാപാരികൾ ഉൾപ്പെടെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടും ഭരണകൂടം സൗജന്യ നിരക്കിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ മാവേലി സ്റ്റോറുകളിലുൾപ്പെടെ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്.

ക്ഷാമം നേരിടുന്ന സബ്സിഡി സാധനങ്ങൾ

ചെറുപയർ

ഉഴുന്ന്

കടല

തുവരപരിപ്പ്

പഞ്ചസാര

മുളക്

മല്ലി

വെളിച്ചെണ്ണ

വൻപയർ


പ്രയാസമേറിയ കാലഘട്ടങ്ങളിലും ജനങ്ങൾ ഉയർന്ന വില നൽകി സാധനങ്ങൾ വാങ്ങേണ്ടി വന്നത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. പൊതു വിതരണ ശൃംഖലയെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ ഫലപ്രദമാക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം.

സതീശൻ പാച്ചേനി,

ഡി.സി.സി പ്രസിഡന്റ്‌