മാഹി: അമ്പത് ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള പുതുച്ചേരി സംസ്ഥാനത്തിന്റെ തീരുമാനം മാഹി മദ്യത്തിന്റെ 'നിറം" കെടുത്തിയേക്കും. കൊവിഡ് 19 പ്രതിസന്ധി അതിജീവനത്തിന്റെ ഭാഗമായാണ് പുതുച്ചേരി സർക്കാരും വിദേശമദ്യത്തിന് അധിക നികുതി ഏർപ്പെടുത്തുന്നത്. ഇതിന്റെ ഉത്തരവ് അനുമതിക്കായി ലഫ്: ഗവർണ്ണർക്ക് സമർപ്പിച്ചിരിക്കുകയാണ്. ഗവർണ്ണറുടെ അംഗീകാരം ലഭിക്കുന്നതോടെ ഉത്തരവ് പുറപ്പെടുവിക്കും.
തമിഴ്‌നാട്ടിൽ മദ്യത്തിന് 30 ശതമാനവും കർണാടയിൽ 75 ശതമാനവും കേരളത്തിൽ 35 ശതമാനംവരെയും മദ്യത്തിന് സെസ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതുച്ചേരി സംസ്ഥാനത്തും നികുതി വർദ്ധിപ്പിക്കുന്നത്. വിലയിൽ തമിഴ്നാട്ടിലും കേരളത്തിലും ഉണ്ടായ വർദ്ധന പുതുച്ചേരി മദ്യത്തിന്റെ ഡിമാന്റ് വർദ്ധിപ്പിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇത് കൊവിഡ് വ്യാപന ഭീഷണി ഉയർത്തുമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

വർദ്ധന ഉണ്ടായാൽ കേരളത്തിൽ ഉള്ളവർ മദ്യത്തിനായി മാഹിയിലേക്കും, തമിഴ്‌നാട്ടിൽ ഉള്ളവർ പുതുച്ചേരിയിലേക്കും കൂടുതലായി എത്താനുള്ള സാദ്ധ്യത അടയും. അതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാനും മദ്യഷാപ്പുകളിൽ തിരക്കൊഴിവാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യഷാപ്പുകളുടെ എണ്ണം കുറക്കണം
ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ മയ്യഴിയിലെ മദ്യഷാപ്പുകളുടെ എണ്ണം കുറക്കാമെന്നും വാദമുണ്ട്. ലോക്ക് ഡൗൺ കാലത്ത് മാഹി മേഖലയിലെ നാല് സൂപ്പർ മാർക്കറ്റുകളാണ് മുഴുവൻ ജനങ്ങൾക്കും അവശ്യവസ്തുക്കൾ എത്തിച്ചത്. അതേപോലെ നിലവിലുള്ള 68 മദ്യഷാപ്പുകൾക്ക് പകരം നാല് മദ്യഷാപ്പുകൾ ധാരാളമാണെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. കേരളത്തിലെ ചെറു പഞ്ചായത്തിലെ മദ്യപരുടെ എണ്ണം പോലും മയ്യഴിയിലില്ലെന്നത് വസ്തുതയാണ്. എന്തായാലും കേരളത്തിൽ വിദേശ മദ്യശാലകൾ തുറക്കുമ്പോൾ മാത്രമേ മാഹിയിലും മദ്യഷാപ്പുകൾ തുറക്കുകയുള്ളൂ.