കൂത്തുപറമ്പ്: നഗരസഭാ പരിധിയിൽ കൂടുതൽ ഇളവുകൾ നൽകാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ നൽകുന്നത്. എല്ലാതരത്തിലുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ തുറക്കും.

അതേ സമയം ഇറച്ചി മത്സ്യ കടകൾ രാവിലെ 6 മുതൽ ഉച്ചക്ക് രണ്ട് മണി വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളു. ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവ പാർസൽ ഭക്ഷണം നൽകുന്നതിന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകളെടുക്കുന്നതിനും വിലക്കുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുന്നാൾ ഞായറാഴ്ച നടക്കുകയാണെങ്കിൽ ശനിയാഴ്ചത്തെ അടച്ചിടൽ ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. നഗരസഭാ ചെയർമാൻ എം. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് സി.ഐ എം.പി. ആസാദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എം.പി. ജീജ, നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു, വ്യാപാര സംഘടന പ്രതിനിധികളായ പി.സി. പോക്കൂ, വി.പി. മൊയ്തു, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.