കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സയ്ക്ക് നേതൃത്വം നല്കിയ നാലാമത്തെ മെഡിക്കൽ സംഘവും ക്വാറന്റൈനിൽ പ്രവേശിച്ചു. 17 പേരെ കൊവിഡിൽ നിന്നും മുക്തരാക്കിയതിന്റെ പൂർണ സംതൃപ്തിയോടെയാണ് രണ്ടാഴ്ചക്കാലത്തെ ജോലിക്ക് ശേഷം സംഘം 14 ദിവസത്തെ നിരീക്ഷണത്തിലേക്ക് പോകുന്നത്.
8 ഡോക്ടർമാർ, 4 ഹെഡ്‌നഴ്‌സ്, 18 സ്റ്റാഫ് നഴ്‌സ്, 12 നഴ്‌സിംഗ് അസിസ്റ്റന്റ്, 1 എച്ച് എ ഗ്രേഡ് 1, 16 എച്ച്.എ ഗ്രേഡ് 2, 2 ജെ.എച്ച്.ഐ, 1 ഫാർമസിസ്റ്റ്, 1 ലാബ് ടെക്‌നീഷ്യൻ, 1 റേഡിയോഗ്രാഫർ എന്നിങ്ങനെ 64 പേരാണ് സംഘത്തിലുള്ളത്.
കുടുംബത്തെയും കുട്ടികളെയും കാണാതെ കൊവിഡ് മഹാമാരിയോട് നേരിട്ട് പൊരുതുമ്പോൾ രോഗികളിൽ നിന്നും രോഗമുക്തരായവരിൽ നിന്നും ലഭിക്കുന്ന ചെറു പുഞ്ചിരിയാണ് ഇവരുടെ ധൈര്യം. സർക്കാർ സർവീസിൽ അല്ലാതിരുന്നിട്ടും ഒരു രൂപ പോലും പ്രതിഫലമില്ലാതെ സേവനം മാത്രം ലക്ഷ്യമിട്ട് കൊവിഡിനെതിരെ പോരാടാനൊരുങ്ങിയ ശ്രുതിയും സംഘത്തിലുണ്ടായിരുന്നു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ മൂന്ന് പേരാണ് വളണ്ടിയർ ആയി വ്യത്യസ്ഥ സംഘങ്ങളിൽ ഇതുവരെ ജോലി ചെയ്തത്.
അഞ്ചാം സംഘം ഡ്യൂട്ടിയിൽ
ആശുപത്രിയിലെ അഞ്ചാമത്തെ മെഡിക്കൽ സംഘം ഇന്ന് ജോലിയിൽ പ്രവേശിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ജില്ലയിൽ എത്തുന്നതിനാൽ വലിയ വെല്ലുവിളിയാകും പുതിയ സംഘം നേരിടേണ്ടി വരികയെന്ന് നോഡൽ ഓഫീസർ ഡോ. അജിത് കുമാർ പറയുന്നു. 64 പേരാണ് പുതിയ സംഘത്തിലുമുള്ളത്.