അപകട ഭീഷണി ഉയർത്തി വൈദ്യുതി തൂണുകൾ

നീലേശ്വരം: വേനൽമഴയിൽ റോഡിൽ ചെളി നിറഞ്ഞതോടെ കിളിയളം- വരഞ്ഞൂർ- പരപ്പ റോഡിൽ യാത്ര ഭാഗികമായി നിലച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് ചെളി വന്നുവീണത്.

കഴിഞ്ഞ വർഷം 27 കോടി രൂപ ചെലവിൽ ആരംഭിച്ച റോഡിന്റെ പണി ഈ മാസം തീരേണ്ടതായിരുന്നു. അതിനിടയിൽ ലോക്ക് ഡൗൺ വന്നതിനാൽ റോഡ് പണി നിർത്തിവച്ചു. ഇതിനിടയിലാണ് വേനൽമഴ എത്തിയത്.
കിളിയളം മുതൽ വരഞ്ഞൂർ പരപ്പ വരെയുള്ള റോഡിൽ പലയിടങ്ങളിലും മണ്ണ് എടുത്തതിനാൽ വൈദ്യുതി തൂണുകൾ ഏതുനിമിഷവും വീഴാൻ പാകത്തിൽ കിടക്കുകയാണ്. വൈദ്യുതി വകുപ്പിൽ പണം കെട്ടിവയ്ക്കാത്തതാണ് തൂണ് മാറ്റുന്നത് വൈകുന്നതത്രേ. മണ്ണെടുത്ത ഭാഗത്തെ ചില വീടുകളും അപകടഭീഷണിയിലാണ്. മഴ ശക്തമായാൽ ഏതു സമയത്തും അപകടമുണ്ടായേക്കാമെന്ന ഭയത്തിലാണ് വീട്ടുകാർ.

കനത്ത വേനൽമഴയിൽ ഇടത്തോട് റോഡിലും ചെളി നിറഞ്ഞ് യാത്ര ഭാഗികമായി നിലച്ചിട്ടുണ്ട്. ഇവിടെ മണ്ണെടുത്ത ഭാഗങ്ങളിലുള്ള വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചെങ്കിലും റോഡ് പണി നിലച്ചിരിക്കുകയാണ്. കാലവർഷം കനത്താൽ ഇതുവഴിയുള്ള യാത്രയും ദുസ്സഹമാകും.

കിളിയളം പാലം പണി തുടങ്ങിയില്ല

കിളിയളം റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള പാലത്തിന്റെ പണിയും ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം നിലവിലുള്ള പാലത്തിന്റെ മുകളിൽ കൂടി വെള്ളം കവിഞ്ഞൊഴുകിയതിനാൽ മറുകരയിലുള്ളവർ ഒറ്റപ്പെടുകയുണ്ടായി. അതിനുപരിഹാരമായാണ് പാലം ഉയർത്തി കെട്ടാൻ പദ്ധതിയിട്ടത്. പക്ഷേ തുടർനടപടി ഒന്നും ആയിട്ടില്ല.