ചികിത്സയിലുള്ളവർ 13

നിരീക്ഷണത്തിലുള്ളവർ 6323

കണ്ണൂർ: ജില്ലയിൽ അഞ്ചു പേർക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഒരാൾ ദുബായിൽ നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

മേയ് 12ന് ദുബായിൽ നിന്നുള്ള എഐ 814 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പന്ന്യന്നൂർ സ്വദേശി 23കാരൻ, ഒമ്പതിന് മുംബൈയിൽ നിന്നെത്തിയ മേക്കുന്ന് സ്വദേശി 24കാരൻ, ചൊക്ലി സ്വദേശികളായ 48കാരനും 40കാരിയും, 13ന് അഹമ്മദാബാദിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 45കാരൻ എന്നിവർക്കാണ് കൊ വിഡ് സ്ഥിരീകരിച്ചത്. 17നാണ് ഇവർ സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 6323 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24 പേരും കോവിഡ് ചികി ത്സാ കേന്ദ്രത്തിൽ 14 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ നാലു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 11 പേരും വീടുകളിൽ 6270 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 4958 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.