കണ്ണൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുത്തിയ പശ്ചാത്തലത്തിൽ ജില്ലയിൽ തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ്. കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സാമൂഹ്യ അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് കടയുടമകൾ ഉറപ്പുവരുത്തണം.

മാർക്കറ്റുകളിൽ ആളുകൾ കൂട്ടമായി നിൽക്കുന്ന സ്ഥിതിയുണ്ടാവരുത്. നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറിക്ക് മുൻഗണന നൽകണം. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാൻ സംവിധാനമൊരുക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അഡീഷണൽ എസ്.പി പ്രജീഷ് തോട്ടത്തിൽ, സബ് കളക്ടർമാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എ.ഡി.എം ഇ.പി മേഴ്‌സി, ഡി.എം.ഒ ഡോ. കെ നാരായണ നായ്ക് തുടങ്ങിയവർ പങ്കെടുത്തു.