മട്ടന്നൂർ : ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റു സ്ഥാപനങ്ങൾ അടപ്പിച്ചു. നഗരസഭയിലെ 28ാം വാർഡിൽ ചെന്നൈയിൽ നിന്നെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരത്തോടു ചേർന്ന വാർഡിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ടൗണിലും നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മട്ടന്നൂരിൽ കൂടുതൽ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. നഗരത്തിൽ വലിയ വാഹനത്തിരക്കുമുണ്ടായി. അടുത്ത ദിവസം മുതൽ തുറക്കുന്നതിനായി വ്യാപാരികളെത്തി കടകൾ ശുചീകരിക്കുന്നതിനിടയിലാണ് പൊലീസ് അറിയിപ്പുണ്ടായത്.