kannur-airport
ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രവാസികൾ

കണ്ണൂർ: കൊവിഡ് 19 വൈറസ് വ്യാപനം രണ്ട് മാസത്തോട് അടുത്തിരിക്കെ നാട്ടിലേക്ക് പ്രവാസികളുടെ ഒഴുക്ക് കുത്തനെ ഉയരുന്നു. കണ്ണൂരിലേക്ക് അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ വിമാനങ്ങളിൽ എത്തുന്നതോടെ നിരീക്ഷണത്തിൽ പോകുന്നവരുടെ എണ്ണവും കൂടുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്നലെ ഖത്തറിൽ നിന്നുള്ള വിമാനം എത്തിയതോടെ നിരീക്ഷണത്തിൽ കഴിയുന്നവർ‌ 6323 ആയി ഉയർന്നിട്ടുണ്ട്.ഇതിൽ 6270 പേരാണ് വീടുകളിൽ കഴിയുന്നത്.

ഖത്തറിൽ നിന്നും ആകെ 186 യാത്രക്കാരാണ് എത്തിയത്. ഇതിൽ 132 പേരെ ഹോം ക്വാറന്റൈനിലേക്ക് അയച്ചു. കൊവിഡ് കെയർ സെന്ററിലേക്ക് 54 പേരെയും പ്രവേശിപ്പിച്ചു. ഇന്നലെ എത്തിയതിൽ 107 പേരും കണ്ണൂർ ജില്ലക്കാരാണ്. ഇതിൽ 78 പേരെ ഹോം ക്വാറന്റൈനിലേക്കായി അയച്ചു. ഇതിൽ ഇതര ജില്ലക്കാർ കാസർകോട്- 22 (15), കോഴിക്കോട്- 26 (18),മാഹി- 3 (3), മലപ്പുറം- 3 (1), പാലക്കാട്- 1 (1), തൃശൂർ- 3, വയനാട്- 16 (13), എറണാകുളം- 2 (1), ചെന്നൈ- 1, മറ്റുള്ളവർ-2 (2) എന്നിങ്ങനെയാണ്. (ബ്രാക്കറ്റിൽ ഹോം ക്വാറന്റൈനിൽ പോകുന്നവർ).

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, അഞ്ചരക്കണ്ടിയിലെ കൊവിഡ് ചികിൽസാ കേന്ദ്രം, തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായാണ് രോഗികൾ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. അതേസമയം നിരീക്ഷണത്തിൽ ഉള്ളവർ പുറത്തിറങ്ങി നടക്കാൻ ശ്രമിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ബൈക്ക് പട്രോളിംഗ് അടക്കം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം നാട്ടിൽ സാമൂഹ്യ വ്യാപനമില്ലെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രവാസികൾ എത്തുമ്പോൾ സമ്പർക്കത്തിലൂടെ ബന്ധുക്കൾക്ക് വൈറസ് ബാധയേൽക്കാനും സാദ്ധ്യതയുണ്ട്. ഇതിൽ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യം.