pic

മുംബയ് : ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബയ് ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ കൊവിഡ് രോഗ വ്യാപനവും മരണങ്ങളും രാജ്യത്തെ നടുക്കുകയാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് കടുത്ത ആശങ്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്. ധാരാവിയടക്കമുള്ള ചേരികളിൽ നിയന്ത്രിക്കാനാകാത്ത വിധം വൈറസ് വ്യാപനം ഉണ്ടാകുമ്പോഴും ഭരണാധികാരികൾ കാഴ്ചക്കാരാവുകയാണ്. ജനങ്ങളെ നിയന്ത്രിക്കേണ്ട പൊലീസുകാർ പോലും രോഗത്തിന്റെ പിടിയിലായിട്ടുണ്ട്.

ഇന്നലെ മാത്രം സംസ്ഥാനത്ത് 55 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബങ്ങളും ഭീതിയിലായിട്ടുണ്ട്. ഇതുവരെ 1328 ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതിനിടെ നിരവധി ജീവനുകളും മഹാരാഷ്ട്ര പൊലീസിന് നഷ്ടമായി.അൻപത് വയസിന് മുകളിൽ പ്രായമുള്ളവരെ സമൂഹവുമായി നേരിട്ട് ഇടപെടുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും ഇപ്പോൾ ഈ സംസ്ഥാനത്ത് നിന്നാണ്. ഏറ്റവും ജനസംഖ്യയേറിയ ഉത്തർപ്രദേശിനെയും ജനസാന്ദ്രതയേറിയ ബീഹാറിനെ പോലും പിന്നിലാക്കിയാണ് രോഗ വ്യാപനം.

മഹാരാഷ്ട്രയിൽ 35,000 പോസിറ്റീവ് കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയും മുംബയ് നഗരത്തിൽ നിന്നാണ്. പൂനെ, താനെ, നവി മുംബയ്, ഔറംഗാബാദ് എന്നിവിടങ്ങളിൽ അതിവേഗത്തിലാണ് രോഗ വ്യാപനം സംഭവിക്കുന്നത്. അതേസമയം സാമ്പത്തിക തിരിച്ചടി ഭയന്ന് വ്യവസായ സ്ഥാപനങ്ങളെല്ലാം തുറന്ന് കൊടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇത് മരണത്തെ വിളിച്ച് വരുത്തുന്നതിന് തുല്യമാകുമെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗണിനിടെ ഗ്രീൻസോണിൽ പെട്ട അയ്യായിരം സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങുന്നതോടെ ഇവിടങ്ങളിൽ സാമൂഹിക അകലം പോലും പാലിക്കാതെയാകും. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് വൈറസ് വ്യാപിച്ചേക്കാം.

ഇതിനകം ആയിരത്തി ഇരുന്നൂറിലേറെയാണ് മഹാരാഷ്ട്രയിലെ മരണ സംഖ്യ. ഇന്നലെ രണ്ടായിരത്തി അഞ്ഞൂറോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പകുതിയതിലേറെയും മുംബയിലായിരുന്നു. പൂനെ, താനെ, ഔറംഗബാദ് ,നാസിക്ക് അടക്കം പത്ത് ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമാകുന്നത്. മാട്ടുംഗ ലേബർ ക്യാമ്പ്, ശാസ്ത്രി നഗർ എന്നിവിടങ്ങളിൽ സ്ഥിതി ആശങ്കാജനകമാണ്. പൊതു ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതാണ് ചേരിയിൽ രോഗവ്യാപനത്തിന് ഇടയാക്കുന്നത്. നവി മുംബയിലെ എ.പി.എം.സി മാർക്കറ്റ് തുറക്കാൻ അനുമതി നൽകിയതിൽ ആരോഗ്യ പ്രവർത്തകർക്കിടയിലും അതൃപ്തി ഉയരുന്നു. സർക്കാർ നയം ആയതിനാൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ഒരു മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ധാരാവിയിലെ രാജീവ് നഗർ, കമല നഗർ, മുകുന്ദ് നഗർ എന്നിവിടങ്ങളിലൊക്കെ കൊവിഡ് കേസുകൾ കൂടുന്നതിന് പിന്നിൽ സാമൂഹിക അകലം പാലിക്കാത്തതാണ്. കണ്ടെയ്ൻമെന്റ് -റെഡ് സോണുകളിൽ പ്രതിരോധശേഷി മരുന്നുകൾവിതരണം ചെയ്ത് പിടിച്ചു നിൽക്കാനുള്ള ശ്രമവും തുടരുകയാണ്.