pic

കണ്ണൂർ: രണ്ട് മാസത്തോളം നീണ്ട ലോക്ക്ഡൗണിന് ശേഷം മലബാർ മേഖലയിലും കെ.എസ്.ആർ.ടി.സി പരിമിതമായ ബസുകളോടെ സർവീസ് ആരംഭിച്ചു. വിരലിൽ എണ്ണാവുന്ന വിധമാണ് പല ഡിപ്പോകളും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. അൻപതിലധികം സർവീസുകളുള്ള കാഞ്ഞങ്ങാട് സബ് ഡിപ്പോ പതിനാലോളം ബസുകൾ ഓപ്പറേറ്റ് ചെയ്തപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കണ്ണൂർ ഡിപ്പോ എട്ടും കാസർകോട് നാലും സർവീസുകളാണ് രാവിലെയോടെ തുടങ്ങിയത്.

കണ്ണൂരിൽ നിന്നും ഇന്ന് പയ്യന്നൂർ ഭാഗത്തേക്ക് മൂന്ന് ശ്രീകണ്ഠാപുരത്തേക്ക് ഒന്ന്, അഞ്ചരക്കണ്ടി കൂത്തുപറമ്പ് റൂട്ടിൽ ഒന്ന് മട്ടന്നൂർ ഭാഗത്തേക്ക് ഒന്ന് ഇരിട്ടി ഭാഗത്തേക്ക് രണ്ട് വീതം ബസുകളാണ് അയച്ചത്. നാളെ ഇത് മുപ്പതിലേക്ക് ഉയർത്താനാണ് ആലോചന. കാസർകോട് ഡിപ്പോ തലപ്പാടി റൂട്ടിലേക്ക് അടക്കം നാല് ബസുകളാണ് ഓടിച്ചത്. കാഞ്ഞങ്ങാട് സബ് ഡിപ്പോ ജില്ലാ അതിർത്തിയായ കാലിക്കടവ് മുതൽ ചന്ദ്രഗിരി റൂട്ടിലും ദേശീയ പാതയിലൂടെയും കാസർകോട് വരെ ഓടുന്നുണ്ട്. അതേസമയം എയർപോർട്ടിൽ എത്തുന്ന പ്രവാസികളെയും ട്രെയിനിൽ പോകേണ്ട ഇതര സംസ്ഥാന തൊഴിലാളികളെയും റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ കണ്ണൂർ ഡിപ്പോയിൽ നിന്നും ഇരുപതോളം ബസുകൾ ഉപയോഗിച്ചിരുന്നു. ഇത് അടിക്കടി അണുവിമുക്തമാക്കേണ്ടതും പ്രതിസന്ധിയാകുന്നുണ്ട്. ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ബസുകൾ ഇറങ്ങുന്നതിനാൽ ജനം ആശ്രയിച്ച് തുടങ്ങിയിട്ടില്ല. നാളെ മുതൽ ഇതായിരിക്കില്ല അവസ്ഥ. ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ പരമാവധി ആളുകൾ സീറ്റ് കൈയ്യടക്കുമ്പോൾ ഇടയിൽ നിന്നും കാത്തുനിൽക്കുന്നവരെ കയറ്റാൻ സാധിക്കില്ല. ഇത് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ കൃത്യമായ വ്യവസ്ഥ നിശ്ചയിക്കണമെന്നാണ് ആവശ്യം.

കാഞ്ഞങ്ങാട് നിന്നും കിഴക്കൻ മലയോര ഗ്രാമങ്ങളായ പാണത്തൂർ, കൊന്നക്കാട്, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ ഭാഗത്തേക്കൊക്കെ ഒറ്റപ്പെട്ട ചില സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇവയെല്ലാം രാവിലെ ഓഫീസ് സമയത്തും വൈകിട്ടും മാത്രമാണ് ഓടുക.അതേസമയം, സ്വകാര്യ ബസുകൾ ഓടുന്നില്ല. ഡീസൽ സബ്സിഡിയടക്കം അനുവദിച്ചാലേ തങ്ങൾ ഓടാനുള്ളൂ എന്നാണ് ഇവരുടെ നിലപാട്. ഇതിനോട് യോജിക്കാതെ കോഴിക്കോട് ഒരു ബസുടമ തന്റെ ആറോളം ബസുകൾ ഓടിക്കാൻ സന്നദ്ധനായിട്ടുണ്ട്. വരുമാനം നിലച്ചതോടെ തൊഴിലാളികളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദം രൂക്ഷമാകുമ്പോൾ മറ്റുള്ളവരും ബസ് ഓടിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വയനാട് ജില്ലയിലും നാമമാത്രമായ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് കോർപ്പറേഷന്റെ ശ്രമം. പല ഡിപ്പോകളിലും കൂടിയാലോചനകൾ തുടരുകയാണ്. എത്രത്തോളം സർവീസുകൾ വർദ്ധിപ്പിക്കാമെന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ വ്യക്തതയുണ്ടാകും.