കണ്ണൂർ: കേരളത്തെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ തകർത്തെറിഞ്ഞ പ്രളയം ഈ കൊവിഡ് 19 കാലത്തും എത്തിയേക്കാമെന്ന ഭയം സർക്കാരിനെയും ജനങ്ങളെയും ആശങ്കയിലാക്കുന്നു. ഇതിന്റെ ആദ്യ ഭാഗമായി വരാനിരിക്കുന്ന ഉംപുൻ ചുഴലിക്കാറ്റാണ് ഭീതിയ്ക്ക് ഇടയാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഈ ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്. വൈകിട്ടോടെ ബംഗാളിലെ സുന്ദർബാനിനു സമീപത്തെ ദിഘ, ഹാത്തിയയിൽ എത്തുന്നതോടെ 168 കിലോ മീറ്റർ വേഗതയിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുർ, വടക്ക് - തെക്ക് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത ജില്ലകളിലും ഒഡീഷയിലെ വടക്കൻ തീരദേശ ജില്ലകളിലും ഉംപുൻ കനത്ത മഴയ്ക്ക് ഇടയാക്കും.
നാല് ലക്ഷത്തിലധികം പേരെ തീരദേശമേഖലകളിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭം ശക്തമായാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം എങ്ങനെ നടപ്പാക്കാനാകുമെന്നാണ് ആശങ്ക. കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതികം വൈകാതെ ശക്തമായ മഴയും പ്രളയവും കേരളത്തെ കാത്തിരിക്കുന്നതായാണ് ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലെ അതിശക്തമായ മഴയാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കുക. കൊവിഡ് 19 വൈറസ് വ്യാപനം ഈ സമയത്തും നിയന്ത്രണ വിധേയമാകില്ലെന്ന് ഉറപ്പായതോടെ രണ്ട് വെല്ലുവിളികൾ കേരള സർക്കാർ ഏറ്റെടുക്കേണ്ടി വരും. ഇതിൽ ഇപ്പോഴെ മുൻകരുതൽ സ്വീകരിക്കേണ്ടി വരും. എറണാകുളം, ആലപ്പുഴ ജില്ലകളിലൊക്കെയാകും വെള്ളപ്പൊക്കത്തിന്റെ കെടുതികൾ രൂക്ഷമാകുക. ജനങ്ങളെ കൂട്ടത്തോടെ പാർപ്പിക്കുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുന്നതിനാൽ കൂടുതൽ അഭയ സ്ഥാനങ്ങൾ കണ്ടെത്താനുള്ള മുന്നൊരുക്കങ്ങളും സർക്കാർ ഇപ്പോഴെ സ്വീകരിക്കേണ്ടി വരും.