ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷം. രോഗ വ്യാപന കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത വിധമാണ് പ്രതിസന്ധി. ഏറ്റവും ഒടുവിൽ 395 പേരെ കൂടി കൊവിഡ് പിടികൂടിയതോടെ ആകെ രോഗികൾ 12141 ആയി. വ്യാവസായിക രംഗത്തും ഏറെ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കൊവിഡിന് മുന്നിൽ തകർന്നടിയുന്നത്.
പൊതുവേ ജീവിത നിലവാരത്തിൽ പിന്നിലായിരുന്ന സാധാരണക്കാർ ഇതോടെ തീർത്തും ദുരിതത്തിലായിട്ടുണ്ട്. പാൽ ഉദ്പാദന രംഗത്തും ഏറെ മികവ് തെളിയിച്ച സംസ്ഥാനത്ത് ഇപ്പോൾ ഈ രംഗത്തെ കർഷകർ പോലും വെല്ലുവിളികൾ അനുഭവിക്കുകയാണ്. വ്യവസായ രംഗത്ത് ജോലി ഇല്ലാതായതോടെ ലക്ഷക്കണക്കിന് തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അഹമ്മദാബാദിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കൊവിഡിനോട് പൊരുതി നിന്ന കച്ച് ജില്ലയിൽ പോലും 21 കേസുകൾ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂററ്റ് 29, വഡോദര 18, ഗാന്ധി നഗർ 10 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗബാധിത നിരക്കുകൾ. ഗുജറാത്തിൽ 6379 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. തമിഴ്നാടുമായാണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ ഗുജറാത്ത് മത്സരിക്കുന്നത്. ശക്തമായ ഇടപെടലും സാമൂഹ്യ അകലവും പാലിക്കാനായാലേ രോഗത്തെ പ്രതിരോധിക്കാനാകൂയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.