കാഞ്ഞങ്ങാട്: കൊവിഡ് രോഗബാധിതയായ ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫർ രോഗ മുക്തയായി. റേഡിയോളജി വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന ജീവനക്കാരി തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടെ 12നാണ് പരിശോധന നടത്തിയത്. 14ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജില്ലാ ആശുപത്രി മെഡിക്കൽ ബോർഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ചികിത്സ നടത്തുകയും രോഗലക്ഷണങ്ങൾ പൂർണമായി ഭേദമാക്കുകയും ചെയ്ത സാഹചര്യത്തിൽ വ്യാഴാഴ്ച ഇവർ ഡിസ്ചാർജായി.

മേയ് 15നും 17നും എടുത്ത സ്രവങ്ങളുടെ ഫലം നെഗറ്റീവ് ആയതോടെയാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ജീവനക്കാരിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. രോഗബാധയുണ്ടായ ജീവനക്കാരിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 130 ആശുപത്രി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇവയുടെ ഫലം നെഗറ്റീവ് ആയതോടെ ജില്ലാ ആശുപത്രിയിൽ രോഗവ്യാപനം ഉണ്ടായില്ല എന്ന് ഉറപ്പിക്കാമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. രോഗബാധിതയാണെ ന്നറിഞ്ഞപ്പോൾ ആത്മധൈര്യം കൈവിടാതെ നിന്ന ജീവനക്കാരി തുടർന്നും ജോലിയിൽ പ്രവേശിക്കും. ജീവനക്കാരിയെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അഭിനന്ദിച്ചു.