tata-nirmmanam-
tata covid hospital chattanchal ..kandainar

കാസർകോട്: ചട്ടഞ്ചാലിൽ ടാറ്റയുടെ ആശുപത്രിയുടെ നിർമ്മാണം അതിവേഗത്തിൽ . ഹൈദരാബാദ്, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ലോറിയിൽ കയറ്റിയാണ് കൊവിഡ് ആശുപത്രിയ്ക്കായുള്ള ഐസൊലേഷൻ കണ്ടയ്നർ എത്തിക്കുന്നത്. ഒരു കണ്ടയ്നർ ഇതിനകം എത്തിച്ചു. കോഴിക്കോടും മംഗളുരുവിലും ലോക്ക് ഡൗൺ കുരുക്കിൽപ്പെട്ട് ഓരോ കണ്ടയ്നർ വന്നുകിടപ്പുണ്ട്.

ലോറിയിൽ കൊണ്ടുവന്ന് ക്രെയിൻ ഉപയോഗിച്ച് ഉറപ്പിക്കുകയും ആവശ്യം കഴിഞ്ഞാൽ അഴിച്ചെടുത്തു മറ്റൊരിടത്തേക്ക് പറിച്ചുനടാനും കഴിയുന്ന നവീന സാങ്കേതിക വിദ്യയാണ് ആശുപത്രിയ്ക്കായി ഉപയോഗിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണം ഒന്നര മാസം കൊണ്ട് പൂർത്തിയാകും. കൊവിഡ് വ്യാപനം ശക്തമായ ഘട്ടത്തിൽ ടാറ്റ കമ്പനി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്ന് നൽകിയ സഹായ വാഗ്ദാനത്തിന്റെ ആദ്യപടിയാണ് ചട്ടഞ്ചാലിലെ കൊവിഡ് ആശുപത്രി. ആരോഗ്യമേഖലയിൽ ടാറ്റയുടെ പൂർണ്ണ സഹായത്തോടെയുള്ള നവീനമായ സംരംഭമാണ് കാസർകോട് ജില്ലയിൽ ഉടൻ സാധ്യമാകുന്നത്.

ചട്ടഞ്ചാലിൽ ഏറ്റെടുത്ത അഞ്ച് ഏക്കർ ഭൂമി തട്ടുകളായി കിടക്കുന്നത് കാരണം മൂന്ന് സോണുകളായി തിരിച്ചാണ് നിർമ്മാണം നടക്കുന്നത്. കെട്ടിടങ്ങളും എളുപ്പം അഴിച്ചുമാറ്റാൻ പാകത്തിലാണ് പണിയുന്നത്. എല്ലാ കെട്ടിടങ്ങളും റോഡുകൾ വഴി ബന്ധിപ്പിക്കും. പാർക്കിംഗ് സൗകര്യം ഏറെയുണ്ടാകും.

ആശുപത്രിയിൽ അത്യാഹിത വിഭാഗം, മൈനർ ഓപ്പറേഷൻ തീയ്യറ്റർ, പാത്തോളജി, റേഡിയോളജി, ഡയാലിസിസ്, രക്തബാങ്ക്, കൊവിഡ് വാർഡ് എം ഐസൊലേഷൻ വാർഡ്, ടെലിമെഡിസിൻ യൂണിറ്റുകൾ എന്നിവയുണ്ടാകും. എറണാകുളത്തെ എം ആർ കൺസ്ട്രക്ഷൻ പ്രൊജക്റ്റ് എന്ന സ്ഥാപനമാണ് ആശുപത്രിയുടെ സിവിൽ വർക്കുകൾ നടത്തുന്നത്. ആന്ധ്രയിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ അടക്കം നൂറിലേറെ തൊഴിലാളികളാണ് ആശുപത്രി പണിയാൻ തകൃതിയായി ജോലി ചെയ്യുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രണ്ടുവീതം സ്ഥലങ്ങളിൽ കൂടി ഇതേസമയം ടാറ്റ കമ്പനി കൊവിഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്.

485 ബെഡുകൾ

ചതുരാകൃതിയിൽ കോൺക്രീറ്റ് ചെയ്തുറപ്പിച്ച 'പ്രീകാസ്റ്റ് പെഡസ്റ്റിലുകളുടെ' മുകളിൽ ബോൾട്ടിട്ട് ഇട്ടുറപ്പിക്കുന്ന എയർ കണ്ടീഷൻ ചെയ്ത 'കൊവിഡ് ഐസൊലേഷൻകണ്ടയ്‌നറു'കളുടെ അകത്താണ് രോഗികളുടെ കിടക്കകളും ടോയ്‌ലറ്റും മരുന്നുകളും ഉണ്ടാവുക. 128 കണ്ടയ്നറുകൾ ചട്ടഞ്ചാലിൽ എത്തിക്കും. മൊത്തം 485 ബെഡുകളാണ് ഈ ആശുപത്രിയിൽ സജ്ജീകരിക്കുന്നത്.

ബൈറ്റ്

കണ്ടയ്നറുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒന്നര മാസം കൂടിയുണ്ടായാൽ കൊവിഡ് ആശുപത്രി പൂർത്തിയാകും. കേരളത്തിൽ ആദ്യമായാണ് ഈ സാങ്കേതിക വിദ്യയിൽ ആശുപത്രി പണിയുന്നത്. വിദഗ്ധരായ സംഘമാണ് ആശുപത്രി രൂപകല്പന ചെയ്തത്-

എസ്.അരുൺ ആലപ്പുഴ(മാനേജർ എം ആർ പ്രൊജക്റ്റ്, ടാറ്റ കൊവിഡ് ആശുപത്രി ചട്ടഞ്ചാൽ )