പിലിക്കോട്: പിലിക്കോട്-പടന്ന പഞ്ചായത്തുകളെ ബന്ധിപ്പിച്ചുളള തോട്ടുകര പാലം നിർമ്മാണം അവസാന ഘട്ടത്തിൽ. മൂന്നു സ്പാനുകളിൽ അവസാനത്തേതിന്റെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞദിവസം പൂർത്തിയായി. കൊവിഡ് ബാധയെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവൃത്തി മഴയ്ക്കുമുൻപ് പൂർത്തീകരിക്കുന്നതിന് കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയിട്ടായിരുന്നു പുനരാരംഭിച്ചത്.
മലബാർ പാക്കേജിൽ ഉൾപ്പെടുത്തി എട്ടുകോടിരൂപ ചെലവിലുളളതാണ് പദ്ധതി. നടപ്പാതയടക്കം 11.05 മീറ്റർ വീതിയും 67 മീറ്റർ നീളവുമാണുള്ളത്. പാലത്തിന്റെ കൈവരികളടക്കമുളള മിനുക്കുപണികളാണ് ഇനി ബാക്കിയുള്ളത്. ഇതു കൂടി പൂർത്തിയായാൽ നടപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിർമാണം നടത്തും. അപ്രോച്ച് റോഡിന്റ അരികുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്.
പാലം പൂർത്തിയാകുന്നതോടെ പടന്നയിൽനിന്ന് എളുപ്പത്തിൽ പിലിക്കോട് വഴി ദേശീയപാതയിലെത്താം. പാലം പണിക്കായി കെട്ടിയ താത്കാലിക തടയണ മൂലം കഴിഞ്ഞ മഴക്കാലത്ത് പുഴയിലെ ഒഴുക്ക് തടസപ്പെട്ടത് കാന്തിലോട്ട്, കൂവക്കൈ, കൈപ്പാട് ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തുടർന്ന് തടയണ തുറന്നുവിടേണ്ടിവന്നു. ഇത്തവണ മഴയ്ക്കുമുമ്പുതന്നെ പണി പൂർത്തിയാക്കി തടയണ തുറന്നുവിടാനാണ് തീരുമാനം.