കണ്ണൂർ: രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയ്ക്കുള്ളിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിതുടങ്ങി. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴ് വരെയാണ് ബസ് സർവ്വീസ് നടത്തിയത്. ഒരു ബസിൽ മൊത്തം യാത്രക്കാരുടെ പകുതി യാത്രക്കാരെയാണ് കയറ്റിയത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് യാത്രക്കാരുടെ സീറ്റിൽ ഒരാളും, മൂന്ന് യാത്രക്കാരുടെ സീറ്റിൽ രണ്ട് പേരും യാത്ര ചെയ്തു. ആദ്യ ദിനമായതിനാൽ ഇന്നലെ പൊതുവെ യാത്രക്കാർ കുറവായിരുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ചായിരിക്കും വരും ദിവസങ്ങളിൽ സർവ്വീസുകളുടെ വർദ്ധിപ്പിക്കുക.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് കണ്ണൂരിൽ എത്തിച്ചേരുന്നതിന് തിങ്കളാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ചില സർവീസുകൾ തുടങ്ങിയിരുന്നു. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്ന് ആകെ 34 ബസുകളാണ് ഇന്നലെ സർവ്വീസ് നടത്തിയത്. ഇതിൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് 11 ബസുകളും, തലശ്ശേരിയിൽ നിന്ന് 10 ബസുകളും പയ്യന്നൂരിൽ നിന്ന് 13 ബസുകളുമാണ് സർവീസ് നടത്തിയത്.