ചെറുപുഴ: പ്ലാസ്റ്റിക് കവറുകളിലാക്കിയ അറവ് മാലിന്യങ്ങൾ കാര്യങ്കോട് പുഴയിൽ തള്ളി. നാല് പ്ലാസ്റ്റിക് കൂടുകലാക്കി പോത്തിറച്ചിയുടെ അവശിഷ്ടങ്ങളാണ് പുഴയിൽ തള്ളിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാലിന്യങ്ങൾ ഇടുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബൈക്കിലെത്തി മാലിന്യങ്ങൾ തള്ളുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുറ്റക്കാരെ പിടികൂടാൻ നടപടികൾ സ്വീകരിക്കുമെന്ന് ഈസ്റ്റ് - എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം പറഞ്ഞു. പ്രദേശവാസികൾ വെള്ളത്തിൽ നിന്നും മാലിന്യങ്ങൾ കരയിലെത്തിച്ച് കുഴിച്ചുമൂടി. മുൻപ് സദ്യ നടത്തിയതിന്റെ അവശിഷ്ടങ്ങൾ ഈ ഭാഗത്ത് ഉപേക്ഷിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.