shobha
dath shobha

കാസർകോട്: കൊവിഡ് സംശയത്തിന്റെ പേരിൽ സ്വാഭാവിക മരണം സംഭവിച്ച വീട്ടമ്മയുടെ മൃതദേഹവും കൊണ്ട് ബന്ധുക്കൾ ഓടിയത് മൂന്ന് ദിവസം. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഹേരൂരിലെ ഉപ്പള സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ദിവാകര ആചാര്യയുടെ ഭാര്യ എം ശോഭ (38)യുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതിരുന്നത്.

ഞായറാഴ്ച ഉച്ചയോടെ ഉറക്കത്തിനിടയിൽ അമിതമായി കൂർക്കം വലിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ അബോധാവസ്ഥയിലായത് കണ്ടാണ് ശോഭയെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു. എട്ട് വർഷമായി ടി .ബി. രോഗത്തിന് ചികിത്സയിലായിരുന്നു ഇവരെന്ന് ബന്ധുക്കൾ പറയുന്നു.

ബന്തിയോട് ആശുപത്രിയിൽ നിന്നും മംഗൽപാടി പി എച്ച് സിയിലേക്ക് മാറ്റിയ മൃതദേഹം ഒരു ദിവസം അവിടെ കിടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ പോകാൻ അധികൃതർ നിർദേശം നൽകി. വിവരം തിരക്കിയ പൊലീസ് സ്വാഭാവിക മരണത്തിന് എഫ് .ഐ .ആർ രജിസ്റ്റർ ചെയ്തു. മംഗൽപ്പാടിയിൽ അസൗകര്യമാണെന്ന് പറഞ്ഞ് പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റാനായി അടുത്ത നിർദ്ദേശം.

മൂന്നാമത്തെ ദിവസം കഴിഞ്ഞിട്ടും മൃതദേഹം വിട്ടുകിട്ടാതായതോടെ ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ജനറൽ ആശുപത്രിയിൽ എത്തി ഡി .എം. ഒ, പൊലീസ് എന്നിവരുമായി ബന്ധപ്പെട്ടു.തുടർന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയെങ്കിലും പൊലീസ് സർജൻ ഇല്ലാത്തതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തിക്കാനായി അടുത്ത നിർദ്ദേശം. ജനറൽ ആശുപത്രിയിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം വിട്ടുതരണമെന്നും ബന്ധുക്കൾ പറഞ്ഞുനോക്കിയെങ്കിലും അധികൃതർ ഒഴിഞ്ഞുമാറിയെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. തുടർന്ന് ഭർത്താവും ബന്ധുക്കളും മൃതദേഹം പരിയാരത്ത് എത്തിച്ചു.ഒടുവിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകിട്ടിയത്. തുടർന്ന് വൈകീട്ട് ഏഴ് മണിയോടെ ഹേരൂരിലെ സ്വന്തം വീട്ടിൽ എത്തിച്ചാണ് സംസ്‌ക്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.