മാഹി: ഇക്കഴിഞ്ഞ 18ന് മഹാരാഷ്ട്രയിൽ നിന്നും 23 പേർക്കൊപ്പം കണ്ണൂരിലെത്തിയ രണ്ട് മയ്യഴിക്കാരിലൊരാൾക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. പള്ളൂർ ഇരട്ടിപ്പാക്കൽ സ്വദേശിക്ക് പനി അനുഭവപ്പെട്ടതിനാൽ ഇയാളെ മാഹി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആളെ ഹോം ക്വാറന്റൈനിന് ഇടയിൽ പീടികയിലെ വീട്ടിലേക്ക് അയക്കുകയായിരുന്നു. സഹയാത്രികന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ ഇയാളെ തേടി ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ പോയിരിക്കുകയാണ്.
ഇതോടെ വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ വെക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം മാഹിയിൽ പാലിക്കപ്പെടുന്നില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്. മാഹി അഡ്മിനിസ്‌ട്രേഷനും ആരോഗ്യ വകുപ്പും തമ്മിൽ കൊവിഡ് കാലത്ത് ശീതസമരം നടക്കുകയാണെന്നും, ഏകോപനമില്ലെന്നുമുള്ള ആക്ഷേപം തുടക്കം മുതലേ ഉയർന്നിരുന്നു. മാഹി ഗവ: ആശുപത്രിയിലെ ആർ.എം.ഒ. അവധിയിൽ പ്രവേശിച്ചതും ഇതിന്റെ ഭാഗമായാണെന്ന് പറയപ്പെടുന്നു.