ഒരാൾക്ക് രോഗമുക്തി
കണ്ണൂർ: ജില്ലയിൽ മൂന്നു പേർക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ ദുബായിൽ നിന്നെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ദുബായിൽ നിന്ന് മേയ് 16ന് ഐ.എക്സ് 434 വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും 17ന് ഐ.എക്സ് 344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേർ. ധർമടം സ്വദേശിയായ 62കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കേളകം സ്വദേശി 42കാരൻ ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ 6809 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 26 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ അഞ്ചു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 14 പേരും വീടുകളിൽ 6728 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതുവരെയായി ജില്ലയിൽ നിന്നും 5074 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 4955 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4698 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.