കേളകം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന കേളകം സ്വദേശിയായ പൊലീസ് ഉദ്യോസ്ഥന്റെ പരിശോധനാഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ സ്രവ പരിശോധനാഫലവും നെഗറ്റീവായതോടെ കേളകത്ത് ദിവസങ്ങളായി തുടരുന്ന ആശങ്കയ്ക്ക് അവസാനമായിരിക്കുകയാണ്.
ഈ മാസം 13 നാണ് കേളകം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിക്കുന്നത്. ഡ്യൂട്ടിക്കിടയിൽ വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫലം പോസിറ്റീവ് ആയതിനാൽ അഞ്ചരക്കണ്ടി കൊവിഡ് സെന്ററിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. അദ്ദേഹവുമായി നേരിട്ടും നേരിട്ടല്ലാതെയും സമ്പർക്കത്തിൽ ഏർപ്പെട്ട 108 ഓളം ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ബന്ധുക്കളായ ആറു പേരുടെ സ്രവം പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം കൂടി നെഗറ്റീവ് ആയതോടെയാണ് ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നത്.