pic

കാസര്‍കോട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് 23 ന് ഒരു വര്‍ഷമാകുമ്പോള്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലയില്‍ സ്ഥിരതാമസമാക്കുമെന്ന വാഗ്ദാനം പാലിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. രോഗികളുടെ ക്ഷേമത്തിനായി നിപ്പീസ് കേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. റെയില്‍വേ വികസനത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. കരിന്തളത്ത് നാച്വറോപ്പതി യോഗ സെന്ററിന്റെ നിര്‍മാണത്തിന്‍ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കളക്കടുത്ത് പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പരീക്ഷകളില്‍ വിജയം നേടുന്നതില്‍ കോച്ചിംഗ് സെന്റര്‍ അനുവദിക്കാന്‍ നടപടിയായിട്ടുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിന് 10 ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് വെന്റിലേറ്ററുകള്‍ക്ക് ഫണ്ട് അനുവദിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സയ്ക്ക് 54 ലക്ഷം രൂപ അനുവദിച്ചു. പ്രധാനമന്ത്രിയുടെ ചികിത്സാ നിധിയില്‍ നിന്ന് ഇതിനകം നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായം താന്‍ മുഖേന നല്‍കിയതായും എം.പി പറഞ്ഞു.