കാസർകോട്: പാസില്ലാതെ അതിർത്തി കടന്നുവരുന്നവരെ തടയാൻ നിയോഗിച്ച പൊലീസുകാർ ചെക്ക് പോസ്റ്റിൽ നടത്തിയ ജന്മദിനാഘോഷത്തിനെതിരെ സിപിഎം. ഒരു പാർട്ടിയുടെ പ്രാദേശിക നേതാക്കളും ആളുകളെ കടത്തുന്ന ഏജന്റുമാരും ചേർന്നായിരുന്നു കുളത്തിലപ്പാറ ചെക്ക്പോസ്റ്റിൽ പൊലീസിന്റെ ആഘോഷമെന്നാണ് ആക്ഷേപം. മാസ്‌ക് ധരിക്കാതെ തൊപ്പിപ്പാള ധരിച്ചാണ് കേക്ക് മുറിച്ചത്. ഈ ദൃശ്യങ്ങൾ ചില പൊലീസുകാരും ആഘോഷം ഒരുക്കിയവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഇതോടെയാണ് പൊലീസിനെ അതിരൂക്ഷമായി വിമർശിച്ച് സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജിമാത്യു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂർണരൂപം: "പറയാതിരിക്കാൻ കഴിയില്ല.. കേരള പൊലീസിന്റെ സൽപേരിന് കോട്ടം തട്ടുന്ന ചില കാര്യങ്ങൾ ഈ അതിർത്തി സ്റ്റേഷൻ പരിധിയിൽ ചിലർ നടത്തുന്നുണ്ട്. അറുപത് -എഴുപത് കാലങ്ങളിലെ നിയമപാലകരെ വായിച്ചും മറ്റും നമ്മൾ കേട്ടിട്ടുണ്ട്. ചില സിനിമകളിലും ഇത് നന്നായി പറഞ്ഞിട്ടുണ്ട്. നാട്ടും പുറത്തെചില പ്രമാണിമാരുടെ എല്ലാ തരത്തിലുമുള്ള വിരുന്ന് സൽക്കാരങ്ങളും സ്വീകരിച്ച് അവരുടെ ഇംഗിതങ്ങൾക്കനുസരിച്ച് ജനവിരുദ്ധരായി മാറുന്ന നീതി 'പാലകർ'. ഈ കാലത്തും അത്തരം ശീലങ്ങളിലേക്ക് വഴുതി വീഴുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല. ഈ ജനവിരുദ്ധ ഫ്യൂഡൽ മാടമ്പികളുടെ തിട്ടൂരങ്ങൾക്കെതിരെ നെഞ്ചുയർത്തി പോരാടിയ തലമുറയുടെ പിന്മുറക്കാരാണ് ഇന്ന് ഈനാടിന്റെ ഭരണാധികാരികൾ എന്ന് ഓർമ്മിക്കുന്നത് നന്ന്. "
ഊടുവഴികളിലൂടെ നിരവധി പേർ വരുന്ന സാഹചര്യത്തിൽ ഇത് തടയാനാണ് പൊലീസുകാരെ നിയോഗിച്ചത്. ആദൂർ സ്റ്റേഷനിലെ ചില പൊലീസുകാരുടെ നിർദേശപ്രകാരമാണ് സംഘം എത്തിയത്. അതിർത്തിയിലെ ജന്മദിന ആഘോഷ ചിത്രങ്ങൾ പുറത്തായതോടെ ജില്ലാ പൊലീസ് ചീഫ് പി.എസ് സാബു പൊലീസുകാരെ ഡ്യൂട്ടി റദ്ദാക്കി തിരികെ വിളിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.