കാസർകോട്: കൊവിഡ് പ്രതിരോധത്തിലേർപ്പെട്ട ഡോക്ടർമാർ ഉൾപ്പടെ ആരോഗ്യപ്രവർത്തകർ താമസിക്കുന്ന നഗരത്തിലെ ഹോട്ടലിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞെത്തിയ പോലീസിനു നേരെയും അക്രമം നടത്തി. മൽപിടുത്തത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ആണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
പുലർച്ചെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ സിറ്റി ടവറിൽ എത്തിയ മഹേഷ് റിസപ്ഷനിൽ റൂം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ആരോഗ്യ പ്രവർത്തകർക്ക് മാത്രമേ റൂം നൽകാവുവെന്ന് ലോഡ്ജ് അധികൃതർ പറഞ്ഞതോടെ മഹേഷ് അക്രമാസക്തനായി. ലോഡ്ജിലെ ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു. റിസപ്ഷനിൽ കയറി ഒരു മുറിയുടെ താക്കോൽ കൈക്കലാക്കുകയും റൂമിൽ കയറി കട്ടിലും മറ്റു ഫർണിച്ചറുകളും നശിപ്പിച്ചു. ജനൽ ഗ്ലാസുകളും എറിഞ്ഞുടച്ചു. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും അതിക്രമം കാട്ടി. കാസർകോട് സി.ഐ സി.എ അബ്ദുർ റഹീമിനെ പ്രതി കൈയേറ്റം ചെയ്തു. ഇതോടെ കൂടുതൽ പൊലീസ് എത്തി യുവാവിനെ കീഴ്‌പ്പെടുത്തി.
തളങ്കരയിലെ സൈനുൽ ആബിദ് വധക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണ് മഹേഷ്. നിരവധി തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.