gujarat-

കാസർകോട്: കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയോടെ പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും കാസർകോട്ടെത്തിയ നസീമാ ബാനു (60) മടങ്ങുന്നത് ഉറച്ച കാൽവെയ്‌പോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ്. ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്‌നേഹം മാത്രമാണ് പകരം നൽകാനുള്ളതെന്നും തങ്ങളുടെ പ്രാർത്ഥനകളിൽ ഈ നാടും നാട്ടുകാരും എന്നുമുണ്ടാകുമെന്നും നിറകണ്ണുകളോടെ നസീമാ ബാനു പറയുന്നു.

ഗുജറാത്തിൽ നിന്നാണ് ലോക്ക്ഡൗൺ കാലത്തെ പ്രതിബന്ധങ്ങൾ മറികടന്ന് കാസർകോട്ടെത്തിയത്. തളങ്കരയിലെ മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയിലെ നീണ്ട ചികിത്സക്ക് ശേഷം ഏറെ ആഹ്‌ളാദമാണ് നസീമക്കെങ്കിൽ, അതിനു കാരണക്കാരൻ ആയതിന്റെ അഭിമാനത്തിലാണ് ഡോ. ഐ.കെ മൊയ്തീൻകുഞ്ഞിയും സംഘവും. പ്രമേഹം മൂർച്ഛിച്ച് കാൽപാദത്തിലും വിരലുകളിലും വ്രണം ബാധിച്ച് മുറിച്ചുമാറ്റേണ്ടി വരുമെന്ന അവസ്ഥയിലാണ് നസീമാ ബാനു മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയിൽ എത്തുന്നത്.

ഗുജറാത്ത് സഞ്ജൻ ബന്ദർ സ്വദേശിനിയാണിവർ. വർഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സ തേടിയിരുന്നുവെങ്കിലും അസുഖം ഭേദമായില്ല. ഇതിനിടയിലാണ് ഡോ. മൊയ്തീൻകുഞ്ഞിയെപ്പറ്റി അറിയുന്നത്. ഉടൻ ഡോക്ടറെ ബന്ധെപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഗുജറാത്തിൽ തന്നെ ചികിത്സ തുടരുന്നതാകും നല്ലതെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ഇവർക്ക് ആശങ്ക ഉണ്ടായിരുന്നു. മൂന്ന് സംസ്ഥനങ്ങളിലേക്കുള്ള എൻട്രി പാസ് ലഭിക്കുമെങ്കിൽ വന്നോളുവെന്ന് ഡോക്ടർ പറഞ്ഞതോടെ നസീമ ബാനു ബന്ധുക്കൾക്കൊപ്പം തിരിക്കുകയായിരുന്നു.

കേരള സർക്കാരിന്റെ പ്രോട്ടോക്കോളും മാർഗ നിർദ്ദേശങ്ങളും പൂർണമായും അനുസരിച്ചായിരുന്നു ചികിത്സ. വന്നയുടൻ കൊവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞശേഷമാണ് ചികിത്സ ആരംഭിച്ചത്. ഗുജറാത്ത്, ഗോവ, കർണാടക സംസ്ഥാനങ്ങൾ താണ്ടിയാണ് മരുമകൾക്കും ബന്ധുക്കൾക്കുമൊപ്പം കാസർകോട്ടെത്തുന്നത്. കേരള സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണമുണ്ടായി.

പാസുമായി തലപ്പാടിയിൽ എത്തിയപ്പോൾ ലഭിച്ച വരവേൽപ്പ് ഒരിക്കലും മറക്കില്ലെന്ന് ബാനു പറയുന്നു. കേരളത്തിലെ ഹോട്ട് സ്‌പോട്ട് ആയിട്ടും ഏറെ കരുതലോടെയും കാരുണ്യത്തോടെയും ആയിരുന്നു പൊലിസും അധികാരികളും തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും ഇവർ പറഞ്ഞു. കൊറോണക്കാലത്തിന് മുമ്പും നിരവധി പ്രമേഹരോഗികൾ ഡോ. മൊയ്തീൻ കുഞ്ഞിയുടെ ചികിത്സ തേടി ഭേദമായി മടങ്ങിയിട്ടുണ്ട്.

ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 20 ന് ഗുജറാത്ത് സ്വദേശി റാഷീദ മുല്ല അൻവർ അസുഖം ഭേദമായി മടങ്ങി. ഇവരിൽ നിന്നാണ് നസീമാ ബാനു ഡോ. മൊയ്തീൻകുഞ്ഞിയെ കുറിച്ച് കേൾക്കുന്നത്. നിറഞ്ഞ ആത്മവിശ്വാസത്തോടെ നസീമ ബാനു പുലർച്ച നാട്ടിലേക്ക് മടങ്ങി...അതിരില്ലാത്ത മനുഷ്യസ്‌നേഹവും സാഹോദര്യവും നന്മയും തൊട്ടറിഞ്ഞ്.