pic

കണ്ണൂർ: കണ്ണൂരിൽ മസ്കറ്റിൽ നിന്നും സൗദിയിലെ റിയാദിൽ നിന്നും പ്രവാസികളെത്തിയതോടെ കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കുകയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തുതുടങ്ങി. ക്വാറന്റൈനിലുള്ളവർ അത് ലംഘിച്ച് പുറത്തിറങ്ങാതിരിക്കാൻ പൊലീസിന്റെ പരിശോധനയ്ക്ക് പുറമേ ആരോഗ്യ പ്രവർത്തകരും ഇടപെടുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ സമീപ വാസികളും ഇപ്പോൾ ജാഗ്രത പുലർത്തുന്നതായി അധികൃതർ പറയുന്നു. കൃത്യമായ വിവരം ഇവർ പങ്കുവയ്ക്കാൻ സന്നദ്ധമാകുന്നുണ്ട്.

ഇന്നലെ മസ്‌ക്കറ്റിൽ നിന്നും 280 യാത്രക്കാർ എത്തിയതിൽ 77 പേരാണ് കൊവിഡ് കെയർ സെന്ററിലേക്ക് പോയത്. 203 പേരെ ഹോം ക്വാറന്റൈനിലേക്കും അയച്ചിരുന്നു. എത്തിയവരിൽ 190 പേരും കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട്, കാസർകോട്, മലപ്പുറം, തൃശൂർ, വയനാട്, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, തിരുവനനന്തപുരം, തമിഴ്നാട് സ്വദേശികളൊക്കെ ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് രാത്രിയിൽ ആകെ 152 യാത്രക്കാരാണ് എത്തിയത്. ഇതിൽ 29പേർ ഗർഭിണികളായിരുന്നു. 21 കുട്ടികളും ഉൾപ്പെടെ 87 പേർ പ്രത്യേക വിഭാഗത്തിൽപെടുന്നതാണ്. ഇവരെ ഹോം ക്വാറന്റൈനിൽ അയച്ചു. 65 പേരെ കൊവിഡ് കെയർ സെന്ററുകളിൽ ആക്കി. യാത്രക്കാരിൽ 86 സ്ത്രീകളും 66 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ കർണ്ണാടക, തമിഴ്നാട് സ്വദേശികളും ഉണ്ടായിരുന്നു.

ഇന്നലെ ജില്ലയിൽ മൂന്നു പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജാഗ്രത പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് അധികൃതർ പറയുന്നത്. ധർമടം സ്വദേശിയായ 62കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. പതിനഞ്ച് പേർ ഇപ്പോഴും രോഗികളായി തുടരുന്നുണ്ട്.