mnrega

ഹൈദരാബാദ്: മരത്തണലിൽ കുത്തിയിരുന്ന് പരദൂഷണം പറഞ്ഞ് കൂലി വാങ്ങുന്നവരാണ് തൊഴിലുറപ്പ് തൊഴിലാളികളെന്നായിരുന്നു വൈറ്റ് കോളർ ജോലിക്കാരുടെ ഇത്രയും നാളത്തെ പരിഹാസം. നവമാദ്ധ്യമങ്ങളിൽ ഇങ്ങനെയൊക്കെ കുത്തിക്കുറിച്ചിരുന്നവരൊക്കെ ലോക്ക് ഡൗൺ കാലത്ത് ഈ ധാരണയൊക്കെ മാറ്റി. കമ്പനികളൊക്കെ തൊഴിലാളികളെ പിരിച്ച് വിടുകയും ശമ്പളം മുടക്കുകയും ചെയ്തതോടെ ഹൈദരാബാദിൽ വൈറ്റ് കോളർ ജോലിക്കാരൊക്കെ തൊഴിലുറപ്പ് തൊഴിലിനായി ഇറങ്ങുകയാണ്.

തെലുങ്കാനയിൽ ഐ.ടി പ്രൊഫഷണലുകളും, കോളേജ് അദ്ധ്യാപകരും വരെ ഇത്തരം ജോലി തേടിയിറങ്ങുകയാണ്. ഹെെദരാബാദിൽ 12 വർഷമായി സോഷ്യൽ സയൻസ് അദ്ധ്യാപകനായി ജോലിചെയ്യുന്ന ചിരഞ്ജീവിയും ഭാര്യ പദ്മയും ബൈക്കിൽ തൊഴിൽ സ്ഥലത്തെത്തുന്ന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഇദ്ദേഹം പിജിയും ബി.എഡുമുള്ളയാളാണ്. എം.ബി.എക്കാരിയായ ഭാര്യ പ്രൈമറി സ്കൂൾ അദ്ധ്യാപികയുമായിരുന്നു. രണ്ടുമാസമായി ശമ്പളം മുടങ്ങിയതാണ് ഇരുവരെയും തൊഴിലുറപ്പ് പണിക്കു പോകാൻ നിർബന്ധിതരാക്കിയത്.

ഭോംഗിർ-യാദാദ്രിയിലെ എം.ജി.എൻ.ആർ.ജി.എ വർക്സൈറ്റിലാണ് ഇവരെത്തുന്നത്. 300 രൂപയാണ് കിട്ടുന്നതെങ്കിലും ഈ അവസ്ഥയിൽ ഇത് ആശ്വാസമാകുന്നുണ്ട്. വീട് നിർമ്മാണത്തിന് അടക്കം കട ബാദ്ധ്യതയൊക്കെ ഉള്ളതിനാൽ മാസ ശമ്പളം മാത്രം ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം.

സ്വകാര്യ മേഖലയിൽ രണ്ട് ലക്ഷം അദ്ധ്യാപകരാണ് ഈ പ്രതിസന്ധി നേരിടുന്നത്. പ്രൈമറി അദ്ധ്യാപകർക്ക് 10000 ആണ് വേതനം കിട്ടിയിരുന്നത്. ഹൈസ്കൂൾ അദ്ധ്യാപകർക്ക് 20,000 രൂപയും ജൂനിയർ ലക്ചർമാർക്ക് 25000 രൂപ വരെയും ലഭിക്കും. സോഫ്റ്റ് വെയർ ജീവനക്കാരി വരെ ജോലി നഷ്ടമായി ഇവർക്കൊപ്പം ഇറങ്ങിയിട്ടുണ്ട്.