bus
തകർത്ത ബസുകൾ

കോഴിക്കോട്: ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകൾ അടിച്ചു തകർത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മാവൂർ എസ്.ഐയുടെ നേതൃത്വത്തിലാണ് സമീപത്ത് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷൻ അടക്കമുള്ള അനുബന്ധ തെളിവുകളും ശേഖരിക്കുന്നത്. മുക്കം- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയ കൊളക്കാടൻ ട്രാവൽസിൻ്റെ രണ്ട് ബസ്സും മാവൂർ- അരീക്കോട് റൂട്ടിലോടുന്ന എം.എം.ആർ ബസും മാവൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബാനറസ് ട്രാവൽസിൻ്റെ രണ്ട് ബസുമാണ് തകർത്ത നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മാവൂർ എരഞ്ഞിമാവ് പി.ഡബ്ലു.ഡി ഓഫീസിന് മുന്നിലായിരുന്നു ബസ് നിറുത്തിയിട്ടിരുന്നത്. ചില്ലുകൾ അടിച്ചു തകർത്തതിന് പിന്നിൽ ബസുടമകളുടെ സംഘടനാ തീരുമാനം മാനിക്കാതെ സർവീസ് നടത്തിയതിന്റെ വൈരാഗ്യമാകാമെന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ച സർവീസ് നടത്തുന്നതിനെതിരെ ചിലർ ഉയർത്തിയ ഭീഷണി കണക്കിലെടുക്കാതെയാണ് ബസ് ഓടിച്ചതെന്ന് ഉടമ പറഞ്ഞു. ഭീഷണി വകവയ്ക്കാതെ ഇവരുടെ മറ്റ് ബസുകൾ ഇന്ന് സർവീസ് നടത്തുന്നുണ്ട്.