കാസർകോട്: കോടികളുടെ മുതൽമുടക്കുള്ള പന്തൽ സാമഗ്രികളും 'വലിയ വോൾട്ടിൽ' ശബ്ദം നൽകുന്ന മൈക്ക് സെറ്റുകളും തുരുമ്പിച്ച് പോകാൻ തുടങ്ങിയതോടെ പന്തൽ, ശബ്ദം,വെളിച്ചം മേഖലയിൽ മുതൽ മുടക്കിയ 16000 സംരംഭകരും രണ്ട് ലക്ഷത്തോളം തൊഴിലാളികളും നേരിടുന്നത് കടുത്ത പ്രതിസന്ധി. കാര്യമായ അറ്റകുറ്റപ്പണി നടത്താതെ അടുത്ത വർഷം ഉപയോഗിക്കാൻ കൊള്ളില്ലെന്ന ആശങ്കയും കൂടിയായപ്പോൾ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് പലരും.
ബാങ്ക് വായ്പയെടുത്തും കെ.എസ്.എഫ്.ഇ ചിട്ടികളിൽ കൂടിയും ഒരുവിധം മുന്നോട്ടുപോയിരുന്ന സ്ഥാപന ഉടമകളിൽ പലരും ആത്മഹത്യാമുനമ്പിലാണ്. രാഷ്ട്രീയ പരിപാടികളില്ല. കലാസാംസ്‌കാരിക പ്രോഗ്രാമുകളെല്ലാം ഒഴിവായി. ഉത്സവം, കല്യാണം, ആഘോഷങ്ങൾ, പെരുന്നാളുകൾ എല്ലാം മുടങ്ങി. ജന്മദിന, മരണാനന്തര ചടങ്ങുകൾ പോലും ഒഴിവാക്കിയതോടെ പന്തലും മൈക്കുകളും മൂലക്കായി. അടുത്ത കാലത്തൊന്നും ഈ ചടങ്ങുകൾ പഴയ തോതിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാനും സാധിക്കാത്തതിനാൽ ഇവരുടെ ചങ്കിടിപ്പ് കൂടുകയാണ്. നിരവധി മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതായതിനാൽ പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് രംഗം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വലുതാണ്. ഒരു ലക്ഷം വരുമാനം കിട്ടിയാൽ അതിന്റെ ഭൂരിഭാഗവും ചിലവഴിച്ചു ആധുനിക സാമഗ്രികൾ വാങ്ങിക്കൂട്ടും. പ്രോഗ്രാം നടത്തിപ്പുകാരുടെ പുതിയതിനോടുള്ള കമ്പത്തിൽ പിടിച്ചുനിൽക്കാനാണ് ഇത്. സ്ഥാപനങ്ങളിൽ കോടികളുടെ ആസ്തികളുണ്ടെങ്കിലും സ്വന്തമായി മൂലധന നിക്ഷേപം പൂജ്യമാണ്.
ഗൾഫ് മലയാളികൾ തിരിച്ചെത്താൻ തുടങ്ങിയതോടെ ആഘോഷങ്ങളുടെ പകിട്ട് കുറയുമെന്ന് ഈ രംഗത്തുള്ളവർ തിരിച്ചറിയുന്നു. ഗൾഫിലെ 'സ്‌പോൺസർമാർ' ആയിരുന്നു ഇതുവരെ കേരളത്തിലെ പരിപാടികൾ കൊഴുപ്പിച്ചിരുന്നത്.
കൊവിഡ് കാലത്ത് സർക്കാറിനൊപ്പം.... എന്നിട്ടും
3280 വാഷ് ബെയ്സിനുകൾ, 400 കേന്ദ്രത്തിൽ പൊലീസിന് പന്തൽ, 800 സ്ഥലങ്ങളിൽ പ്രചാരണം നടത്തുന്നതിന് മൈക്ക് സെറ്റുകൾ, അമ്പത് ഐസൊലേഷൻ കേന്ദ്രത്തിൽ ലൈറ്റും ഫാനും തുടങ്ങി കൊവിഡ് പ്രതിരോധത്തിന് ഒരു കോടിയുടെ സഹായം നൽകി സർക്കാരിന് ഒപ്പം നിന്നിട്ടും സമൂഹത്തിലെ മുഴുവൻ മേഖലകൾക്കും ഇളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടും തങ്ങളെ കുറിച്ച് മാത്രം ഒന്നും മിണ്ടുന്നില്ലെന്ന പരിഭവവും ഇവർക്കുണ്ട്.
ബൈറ്റ്
പന്തലുകളും കസേരകളും മൈക്കുകളും ആവശ്യമായി വരുന്ന തരത്തിൽ 200 ആളുകൾ മൂന്ന് സമയങ്ങളിലായി പങ്കെടുക്കുന്ന വിധത്തിലുള്ള ഇളവുകൾ വിവാഹങ്ങൾക്ക് നൽകിയാൽ പ്രയോജനം ചെയ്യും. പ്രവാസികൾക്ക് നൽകുന്നതു പോലെ കേരള ബാങ്കുമായി സഹകരിച്ച് അഞ്ചു ലക്ഷം രൂപയുടെ വായ്പ നൽകുന്നതിന് തീരുമാനിച്ചാൽ വലിയ ആശ്വാസമാകും. കാലം തെളിഞ്ഞാൽ സാംസ്‌കാരിക പരിപാടികൾ ഏറ്റെടുത്തു നടത്താൻ സർക്കാർ തന്നെ മുൻകൈയെടുക്കണം.
ശോഭ ബാലൻ
( കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി )