കൂത്തുപറമ്പ്: കളകളേ ഒഴിവാക്കാൻ നൂതനമായ മൾച്ചിംഗ് കൃഷിരീതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് മാങ്ങാട്ടിടം കൈതേരിയിലെ ഒരു കൂട്ടം കർഷകർ. ഒരു ഏക്കറോളം തരിശ് നിലത്താണ് പുതിയ രീതിയിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ഇറക്കുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൈതേരിയിൽ മൾച്ചിംഗ് രീതിയിൽ കൃഷിയിറക്കുന്നത്.

തരിശായി കിടന്നിരുന്ന ഒരു ഏക്കറോളം സ്ഥലത്താണ് നവീന രീതിയിലുള്ള കൃഷി. പ്രത്യേകം മണ്ണൊരുക്കിയ ശേഷം പൊളിത്തീൻ ഷീറ്റുകൾ പാകിയാണ് മൾച്ചിംഗ് കൃഷി ഇറക്കുക. ഷീറ്റിൽ ചെരുദ്വാരങ്ങളുണ്ടാക്കിയാണ് വിത്തുകൾ പാകുന്നത്. മണ്ണ് പൂർണ്ണമായും ഷീറ്റിൽ പൊതിയുന്നതിനാൽ കളകളില്ലെന്നതാണ് ഈ രീതിയെ വ്യത്യസ്തമാക്കുന്നത്. വെണ്ട, തക്കാളി, പച്ചമുളക്, ഉൾപ്പെടെയാണ് ആദ്യഘട്ടത്തിൽ കൃഷി ഇറക്കിയിട്ടുള്ളത്. അതോടൊപ്പം സമീപത്തെ ഒരു ഏക്കറോളം വയലിൽ നെല്ല്, വാഴ എന്നിവയും കൃഷി ഇറക്കിയിട്ടുണ്ട്.

റിട്ട: അദ്ധ്യാപകൻ കുന്നുപ്രോൻ രാജൻ,​ മുല്ലോളി സുധാകരൻ, കെ.പി. ബാബുരാജ്, പി.വി. സുധാകരൻ, കെ. രാജൻ, കെ. രമേശൻ, സി. സതീശൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ.വിജയൻ വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. കൃഷ്ണൻ, പി.സുനിത, കൃഷി ഓഫീസർ എ.സൗമ്യ, കെ. ഇ ജയരാജൻ, എൻ.ധനജ്ഞയൻ സംസാരിച്ചു.

പുതിയ രീതിയിലുള്ള കൃഷിയിലൂടെ മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്.

കുന്നുപ്രോൻ രാജൻ