മാഹി: ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടത്തെക്കുറിച്ച് പരിതപിക്കുന്നവർക്കിടയിൽ വ്യത്യസ്തയാണ് ചാലക്കരയിലെ ശ്രീ നിലയത്തിൽ എസ്. ഷീജ. രുചിയേറിയ കേക്കുകൾ ഉണ്ടാക്കാൻ സാധിച്ചതോടെ ഇവർക്ക് തുറന്നുകിട്ടിയത് ജീവിതോപാധി.
കഴിഞ്ഞ സെപ്തംബർ മാസത്തിൽ യാദൃച്ഛികമായി യുട്യൂബിൽ നിന്നാണ് കേക്ക് നിർമ്മാണത്തിന്റെ ടെക്നിക്കുകൾ ഷീജ സ്വായത്തമാക്കിയത്.പിന്നീട് ലോക്ക് ഡൗൺ വന്നപ്പോൾ ഇതൊന്ന് പരീക്ഷിച്ചാലെന്തെന്നായി. സ്വാദിനൊപ്പം, കലാപരതയും കൈപ്പുണ്യവും മാറ്റുരച്ചപ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടേറെ കേക്കുകൾ പിറന്നു.
കേക്കിന്റെ പതിവ് ആകൃതികൾ വിട്ട് മൃഗങ്ങളുടെയും മനുഷ്യന്റെയും പ്രകൃതിയുടെയും രൂപങ്ങളിലേക്ക് തിരിഞ്ഞപ്പോൾ ആവശ്യക്കാരും വർദ്ധിച്ചു. വൻകിട ബേക്കറിക്കാരുടെ ഉത്പന്നങ്ങളോട് കിടപിടിക്കുന്ന കേക്കുകൾക്ക് വിലയും കൂടുതലില്ല. ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ രുചി കൂട്ടാനും മൃദുവാക്കാനും കേടുകൂടാതെ നീണ്ടു നിൽക്കാനുമൊക്കെ ഉപയോഗിക്കുന്ന കേക്ക് ജെല്ലുകളൊന്നും ഷീജ ഉപയോഗിക്കുന്നില്ല. തീർത്തും ഗാർഹിക ഉത്പന്നങ്ങൾ മാത്രം.
പല തരം ഫ്‌ളേവറുകളിലും രുചികളിലുമാണ് ഇവർ കേക്ക് നിർമ്മിക്കുന്നത്. 'ഷീ കേക്കുകൾ' എന്ന ട്രേഡ് നാമവും ഇതിന് കൈവന്നു. പൈനാപ്പിൾ, ആപ്പിൾ, പപ്പായ, പഴം, ഈന്തപ്പഴം, കാരറ്റ്, വനില തുടങ്ങി പലതരം പഴവർഗ്ഗങ്ങളുടെ ചാറും, മൈദയും, വെണ്ണയും, മുട്ടയും, പാലും, ചോക്ക് ലേറ്റും, ഫ്രെഷ്‌ക്രീമും, ബദാമും, അണ്ടിപ്പരിപ്പുമെല്ലാം ഇവയിലുണ്ട്. സുൽത്താന, ചോക്‌ളൈറ്റ്,' വാനില, ബട്ടർ ഐസിംഗ്, ബട്ടർ സ്‌കോച്ച്, കരാമൽ, ബ്ലാക്ക് ആൻഡ് വൈറ്റ് ഫോറസ്റ്റ് തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് കേക്ക് കമ്പക്കാരുടെ മനം കവരുന്നത്.
ചിത്രവിവരണം: എസ്.ഷീജ നിർമ്മിച്ച വിവിധയിനം ഹോം കേക്കുകൾ.