കാസർകോട്: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരിൽ നിന്ന് പിഴയായി കാസർകോട്ട് ഈടാക്കിയത് 5,08,500 രൂപ. ഏപ്രിൽ 30 മുതൽ മേയ് 19 വരെയുള്ള കാലയളവിൽ 1017 പേർക്കെതിരെ കേസെടുത്തു. 500 രൂപാ വീതമാണ് പിഴ ഈടാക്കുന്നത്.
പകുതിയിലേറെ പേർ മാസ്‌കിന് പകരം തൂവാല കെട്ടിയാണ് പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നത്. എന്നാൽ നിയമപ്രകാരം തൂവാലയല്ല മാസ്‌ക് തന്നെയാണ് കെട്ടേണ്ടതെന്ന് പൊലീസ് പറയുന്നു. പലപ്പോഴും പൊലീസ് ഇക്കാര്യത്തിൽ ഇളവ് നൽകുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മാസ്‌ക് ധരിക്കാതെ തൂവാല ധരിച്ച് പോകുന്നവർക്കെതിരെയും പിഴ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
ബുധനാഴ്ച തൂവാല ധരിച്ച് പോയ ചിലർക്കെതിരെ പിഴ ചുമത്തി. മാസ്‌കായി ധരിക്കുന്ന തൂവാല പലപ്പോഴും താഴ്ത്തിയിടുകയാണെന്നും പൊലീസിനെ കാണുമ്പോൾ മാത്രമാണ് മുഖത്തേക്ക് വലിച്ചു കേറ്റുന്നതെന്നും ഇത് മാസ്‌ക് ധരിക്കേണ്ടതിന്റെ ലക്ഷ്യം അവഗണിക്കലാണെന്നും പൊലീസ് പറഞ്ഞു. മുഖത്ത് ധരിച്ച തൂവാല തന്നെ പിന്നീട് അഴിച്ച് അത് കൊണ്ട് തന്നെ കണ്ണും മൂക്കും വായയും തുടക്കുകയും ചെയ്യുന്നത് രോഗം പടരാൻ ഇടയാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. സ്‌പെഷ്യൽ ഫോഴ്സ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.