കാഞ്ഞങ്ങാട്: പെരുന്നാൾ അടുത്തുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇറച്ചി കോഴികളുടെ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മുഴുവൻ ഇറച്ചി കോഴി വിൽപന കേന്ദ്രങ്ങളിലും ഇന്നു മുതൽ ഈ വില ബാധകമായിരിക്കും. അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചികോഴികളുടെ മൊത്ത വിൽപന വില കുറയുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ പുനർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരാതി അറിയിക്കാൻ വിളിക്കാം 04994 255138, 04994 256228.