കൊട്ടിയൂർ: ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് കണ്ണൂർ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെയും അടിയന്തിര ചടങ്ങുകൾ നടത്തിക്കൊള്ളാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് അടിയന്തിര ചടങ്ങുകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് തഹസിൽദാർ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദ്ദേശം നിലവിലുള്ളതിനാൽ അത് പാലിക്കണമെന്നും ഏറ്റവും കുറഞ്ഞ ആളുകളെ ഉൾപ്പെടുത്തി വേണം അടിയന്തിര ചടങ്ങുകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. പങ്കെടുക്കുന്നവർക്ക് കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവർ ചടങ്ങുകൾ നടത്തമ്പോൾ ശാരീരിക അകലം പാലിക്കാൻ ശ്രമിക്കണമെന്നും അക്കരെ സന്നിധാനത്ത് ശാരീരികശുചിത്വ സംവിധാനങ്ങൾ ഒരുക്കണമെന്നും നിബന്ധനയുണ്ട്.
വർഷത്തിൽ 28 ദിവസം മാത്രം മനുഷ്യ പ്രവേശനമുള്ള അക്കരെ സന്നിധാനത്തെ ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ ഉത്തരവ് വന്നതോടെ ആശങ്കകൾക്ക് വിരാമമായി. പോയ വർഷത്തെ വൈശാഖോത്സവത്തിന് ശേഷം അവകാശികളും സ്ഥാനികരും ആദ്യമായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്ന നീരെഴുന്നള്ളത്ത് 29 ന് നടക്കും.