aana
:പെരുമ്പുന്നയിൽ കാട്ടാനകളെത്തി തെങ്ങുകൾ നശിപ്പിച്ച നിലയിൽ

പേരാവൂർ: ഒരിടവേളയ്ക്ക് ശേഷം കാക്കയങ്ങാട് പെരുമ്പുന്ന മേഖലയിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പെരുമ്പുന്ന മലയോര ഹൈവേയുടെ സമീപത്തെ തെങ്ങുംപള്ളി സോണി, ബേബി എന്നിവരുടെ തെങ്ങുകളും വാഴകളുമാണ് കാട്ടാനകൾ നശിപ്പിച്ചത്.
ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്താറില്ല. കഴിഞ്ഞ മാസം ആറളം ഫാമിലെ ഒരു ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആറളം ഫാമിൽ തമ്പടിച്ച 18 ആനകളെ ഉൾവനത്തിലേക്ക് തുരത്തിയെങ്കിലും അവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്ക് തിരികെ എത്തിത്തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനക്കൂട്ടമെത്തി വ്യാപകമായി വാഴകൃഷിയും നശിപ്പിച്ചിരുന്നു.
വനാതിർത്തിയിൽ സ്ഥാപിച്ച ആനമതിൽ തകർത്തും പുഴ കടന്നുമാണ് കാട്ടാനകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് ശാശ്വതമായ പരിഹാര സംവിധാനങ്ങൾ ബന്ധപ്പെട്ടവർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യം ഉണ്ടായ പ്രദേശം അഡ്വ.സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.