കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി ബസിലും മറ്റു വാഹനങ്ങളിലുമായി ജില്ലയിലെത്തുന്നവരെ നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ഇറക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തും. ഇങ്ങനെ വരുന്നവർ കൃത്യമായി ക്വാറന്റൈനിൽ പോകുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുവാഹനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനും ക്രമീകരണം വരുത്തി ജില്ലാ കളക്ടർ ഉത്തരവായി. ബസുകൾ വിവിധ സ്ഥലങ്ങളിലായി ആളുകളെ ഇറക്കി വിടുമ്പോൾ അവർ പൊതുവാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഇത് രോഗവ്യാപനത്തിന് കാരണമാകും. പുതിയ നിർദേശ പ്രകാരം വിവിധ ചെക്ക് പോസ്റ്റുകൾ വഴി എത്തുന്നവരെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുകയും അവിടെ നിന്നും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുക. എത്തിച്ചേരുന്നവരുടെ ക്വാറന്റൈൻ ഉറപ്പു വരുത്തുന്നതിനായി ഈ കേന്ദ്രങ്ങളിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പയ്യന്നൂർ പെരുമ്പ, തളിപ്പറമ്പ് കാക്കത്തോട്, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് സമീപം, തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് ആളുകളെ ഇറക്കേണ്ടത്. ഈ കേന്ദ്രങ്ങളിൽ നിന്നും വീടുകളിൽ എത്തുന്നതിനുള്ള വാഹന സൗകര്യം സ്വന്തമായി ഏർപ്പാട് ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.