തലശേരി- മാഹി ബൈപാസ് ഈ വർഷം
ദേശീയപാത 45 മീറ്ററിൽ തന്നെ
കണ്ണൂർ: കൊവിഡ് ഭീഷണിയിൽ കുരുങ്ങിക്കിടന്ന സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് വേഗം കൂട്ടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. വികസനത്തിന്റെ ഭാഗമായുള്ള തലശേരി- മാഹി ബൈപാസ് നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കണമെന്നും കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൂന്നു വർഷത്തിനകം പൂർത്തിയാക്കുന്ന വിധത്തിലാണ് ദേശീയപാതാ വികസനത്തിന് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.
കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്കള, ചെങ്കള– നീലേശ്വരം റീച്ചുകളുടെ ടെൻഡർ 28ന് നടക്കും. ഇരു റീച്ചുകൾക്കും കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സമിതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ദേശീയപാതാ വികസനത്തിന് വേഗം കൂടിയത്. സാങ്കേതിക ടെൻഡർ നേരത്തെ പൂർത്തിയായിരുന്നു. നടപടി പൂർത്തിയാക്കി ആറു മാസത്തിനകം റോഡ് പ്രവൃത്തി തുടങ്ങാനാകും. മൂന്ന് വർഷത്തിനകം പൂർത്തിയാക്കും. തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത വികസനത്തിൽ ആദ്യ പ്രവൃത്തിയാണിത്. ആറുവരി ദേശീയപാത 45 മീറ്ററിലാണ് വികസിപ്പിക്കുക. കോൺക്രീറ്റ് റോഡായിരിക്കും.
തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോ മീറ്റർ റോഡിനായി 44 ഹെക്ടർ ഭൂമിയും ചെങ്കള– നീലേശ്വരം വരെയുള്ള 37 കിലോമീറ്റർ റോഡിനായി 42 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു. നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ് വരെയുള്ള 6.917 കിലോ മീറ്റർ റോഡ് വികസനം കണ്ണൂർ ഭാഗത്താണ്. 780 മീറ്റർ വരുന്ന നീലേശ്വരം റെയിൽവേ മേൽപാലം നിർമാണം പുരോഗമിക്കുന്നു.
500 കിലോ മീറ്റർ
48000 കോടി
തലപ്പാടി– ചെങ്കള 39 കിലോമീറ്റർ റോഡ് ചെലവ്
- 1968.84 കോടി രൂപ
ചെങ്കള– നീലേശ്വരം 37 കിലോമീറ്റർ റോഡ് ചെലവ്
1107.56 കോടി രൂപ
തലപ്പാടി - കാലിക്കടവ് റോഡിന്
ഏറ്റെടുത്തത് 94 ഹെക്ടർ ഭൂമി
പാതിവഴിയിലാക്കിയതിൽ കൊവിഡും
കേരളത്തിലെ വിവിധ ദേശീയപാതകളിലായി ഒട്ടേറെ വികസന പദ്ധതികളാണ് ദേശീയപാതാ വികസന അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് ഭീഷണിയെ തുടർന്ന് ഇവയെല്ലാം പാതിവഴിയിലാകുകയായിരുന്നു. പല കാരണങ്ങളാൽ വർഷങ്ങളായി പദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയാണ്. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി തന്നെയായിരുന്നു പ്രധാന തടസ്സമായി കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നത്. ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. ഇത് കേരളത്തിന് ഇരുട്ടടിയായി. എങ്കിലും ദേശീയപാത വികസന പദ്ധതികളിൽ നിന്ന് പിന്നോട്ടുപോകേണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്.