കണ്ണൂർ: ലോക്ക് ഡൗണിൽ മിക്ക മേഖലകളിലും ഇളവ് പ്രഖ്യാപിച്ചെങ്കിലും കലാകാരന്മാരുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. നൃത്ത ക്ളാസുകളും മറ്റും തുറക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയപ്പോൾ ആയിരക്കണക്കിന് കലാകാരന്മാരാണ് പെരുവഴിയിലായത്.

കൊവിഡ് ഭീതിയിൽ ഉത്സവാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള തീരുമാനമുണ്ടായതോടെ ഇവരുടെ ജീവിതം വഴിമുട്ടുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷം പ്രളയത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്ക കലാപരിപാടികളും ഒഴിവാക്കുകയുണ്ടായി. ഇതുവഴി ഉണ്ടായ കടബാധ്യതയിൽനിന്ന് ഇവർ ഇനിയും മുക്തരായിട്ടില്ല.

കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായ ദുരിതം ഇപ്പോഴത്തെ സീസണിലും തുടരുമ്പോൾ സ്ഥിതി ദയനീയമാകും. ഒപ്പം തുടർകാലത്തേക്കുള്ള റിഹേഴ്‌സൽ ക്യാമ്പുകളും മുടങ്ങിക്കിടക്കുകയാണ്. ഇതുവഴി നൃത്ത പരിശീലന ക്ലാസുകൾ, നാടകസംഘങ്ങൾ, ഗായകർ, മറ്റു കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെയും അവരുടെ അനുബന്ധ പ്രവർത്തകരുടെയും ജീവിതം വഴിമുട്ടുകയാണ്.

പ്രതീക്ഷ മങ്ങി വരും വർഷങ്ങളും

അനുഷ്ഠാന കലകൾ, കഥകളി ഉൾപ്പടെയുള്ള ക്ഷേത്രകലകൾ, സർക്കസ്, മൈക്ക് സെറ്റ്, പന്തൽ, ഛായാഗ്രാഹകർ ഉൾപ്പടെയുള്ളവരും ജീവിതപ്രയാസത്തിലാകുകയാണ്. കലാകാരന്മാരുടെ പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുകയുമാണ്.കൊവിഡിനെ തളക്കാൻ ഇതുവരെ സാധിക്കാത്ത അവസ്ഥയിൽ വരും വർഷങ്ങളിലെ ഉത്സവങ്ങളും ഭീഷണിയിലാണെന്നത് ഇവരുടെ പ്രതീക്ഷകൾ അപ്പാടെ തകർക്കുകയാണ്.

ബൈറ്റ്

നിരന്തരമുള്ള ദുരിതത്തിൽ നിന്ന് കരകയറാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ വിഭാഗം കലാകാരന്മാർക്കും സാമ്പത്തികസഹായവും സബ്‌സിഡിയോടെയുള്ള പലിശരഹിത വായ്പയും അനുവദിക്കണം-

രാജേഷ് പാലങ്ങാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്

സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള