പിലിക്കോട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് നാട്ടിലേക്ക് കാൽനടയായി യാത്ര തിരിച്ച 32 അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അധികൃതർ തടഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചയച്ചു. ഇന്നലെ രാവിലെ പിലിക്കോട് ദേശീയപാതയിൽ പടുവളത്താണ് സംഭവം.
വർഷങ്ങളായി കാസർകോട് ജില്ലയിലെ കാലിക്കടവ്, പിലിക്കോട്, ചന്തേര തുടങ്ങിയ പ്രദേശങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് സംഘാംഗങ്ങൾ. കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികളുടെ കണക്കെടുപ്പും പരിശോധനയും അധികൃതർ നടത്തിയിരുന്നു. ഇതറിഞ്ഞാണ് ബിഹാറികൾ കനത്ത ചൂടിനെയും അവഗണിച്ച് റോഡിലൂടെയുള്ള യാത്രയ്ക്ക് ശ്രമിച്ചത്.
മുതിർന്ന മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും തനിച്ചാക്കി നാടുവിടാനൊരുങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.
ബാഗിലും പ്ളാസ്റ്റിക് സഞ്ചിയിലുമൊക്കെയായി വസ്ത്രങ്ങളും മറ്റും പാക്കുചെയ്ത് കൂട്ടത്തോടെ റോഡിലൂടെ നീങ്ങിയ സംഘത്തെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര സി.ഐ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ആഴ്ചകളോളമുള്ള കാൽനടയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഉത്തരേന്ത്യയിൽ ഉണ്ടായ ദുരന്തവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഈ സംഘത്തെ പിന്തിരിപ്പിച്ചത്. എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന് സംഘം പൊലീസിനോട് ആവശ്യപ്പെട്ടു.