കാസർകോട്: കർണാടകയിലുള്ള കാസർകോട് ജില്ലയിൽ എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള ബസ് സൗകര്യം ജില്ലാഭരണകൂടം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ ഡി. സജിത് ബാബു പറഞ്ഞു. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ covid19ja-grtaha.kerala.nic.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ 25 ന് രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റിൽ എത്തണം. ഇവരെ ജില്ലാഭരണകൂടം ഏർപ്പെടുത്തുന്ന പ്രത്യേകം കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് വിദ്യാലയങ്ങളിൽ എത്തിക്കും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാർത്ഥികളാണ് കർണാടകയിൽ ഉള്ളത്. ഇതിൽ 33 കുട്ടികൾ സ്വന്തമായി എത്തി പരീക്ഷ എഴുുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാർത്ഥികളും കർണാടകയിലുള്ള പ്ലസ്ടു വിദ്യാർത്ഥികളും കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് സബ്കളക്ടർ പാസ് അനുവദിക്കും. പത്താംതരം വിദ്യാർത്ഥികൾക്ക് മഞ്ചേശ്വരം എ.ഇ.ഒ ദിനേശനെയും (ഫോൺ 9496358767), പ്ലസ്ടു വിദ്യാർത്ഥികൾക്ക് ബേത്തൂർപ്പാറ ഗവ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ശശിയെയും (9539412753) ബന്ധപ്പെടാം. കളക്ടറേറ്റിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അദ്ധ്യക്ഷത വഹിച്ചു.