കണ്ണൂർ: കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്ത പക്ഷം അനുവദിച്ച ഇളവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.

കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌ക് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുതിയ ഉത്തരവ്. ഈ സാഹചര്യത്തിൽ കുറ്റമറ്റ ക്വാറന്റൈനും ശരിയായ റിവേഴ്‌സ് ക്വാറന്റൈനും പാലിക്കൽ, മാസ്‌ക് ധാരണം, സുരക്ഷിത അകലം പാലിക്കൽ (ആറ് അടി), കൈ കഴുകൽ, പൊതുസ്ഥലത്ത് തുപ്പാതിരിക്കൽ തുടങ്ങിയ പഞ്ചശീലങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
കച്ചവട സ്ഥാപനങ്ങൾ ഈ നിർദേശങ്ങൾ ലംഘിക്കുന്ന പക്ഷം തദ്ദേശ സ്വയംഭരണ മേധാവികൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. പരിശോധനകൾക്കായി ഇൻസിഡന്റൽ കമാൻഡർമാരെയും ഇവരെ സഹായിക്കുന്നതിനായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും 1087 എപ്പിഡമിക്ക് ആക്ട് പ്രകാരവും ഇന്ത്യൻ പീനൽ കോഡിന്റെ 188 ാം വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ക്വാറന്റൈനിൽ വീഴ്ച അരുത്

ക്വാറന്റൈനിൽ കഴിയുന്ന മുഴുവൻ ആളുകളും ആരോഗ്യപ്രവർത്തകർ, തദ്ദേശസ്വയംഭരണ മേധാവികൾ, പൊലീസ് എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗർഭിണികളും വീടിനു പുറത്തിറങ്ങുന്നില്ലെന്നും ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. തളിപ്പറമ്പ്, തലശ്ശേരി സബ് കളക്ടർമാർക്കാണ് നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ മേൽനോട്ട ചുമതല.