നീലേശ്വരം: നഗരസഭയിൽ തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ 52.5 ലക്ഷം രൂപയുടെ കർമ്മപദ്ധതി. സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈവിദ്ധ്യമാർന്ന കർമ്മ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
നഗരസഭ, കാർഷിക കോളേജ്, കാർഷിക സഹകരണ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, കർഷക സംഘടന തുടങ്ങിയവരുടെ യോഗത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കർഷകർക്ക് നിലമൊരുക്കാനും തരിശ് ഭൂമി കൃഷിയോഗ്യമാക്കാനുമാണ് 52.5 ലക്ഷം രൂപ ചെലവഴിക്കുക.
നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ജില്ല കളക്ടർ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോ. പി.ആർ. സുരേഷ്, വൈസ് ചെയർപേഴ്സൺ വി. ഗൗരി, പി. ഭാർഗ്ഗവി, കൃഷി ഓഫീസർ കെ.എ. ഷിജോ എന്നിവർ സംബന്ധിച്ചു.
വിത്തും കൈക്കോട്ടും
പടന്നക്കാട് കാർഷിക കോളേജിന്റെ പങ്കാളിത്തത്തോടെ വിവിധ തരം വിത്തുകൾ കർഷകർക്ക് ലഭ്യമാക്കും. ഇതിനായി കാർഷിക കോളേജിന്റെ അധീനതയിലുള്ള കരുവാച്ചേരിയിലെ 5 ഏക്കർ സ്ഥലത്ത് കൃഷിശാസ്ത്രജ്ഞരുടെ സാങ്കേതിക സഹായത്തോടു കൂടി കർഷക പങ്കാളിത്തത്തോടെ വിവിധ തരം വിത്തുകളും നടീൽ വസ്തുക്കളും ഉത്പാദിപ്പിക്കും. നീലേശ്വരത്തെ കർഷകർക്ക് നൽകിയ ശേഷം മിച്ചം വന്നാൽ കാർഷിക കോളേജ് മറ്റ് പ്രദേശത്തുള്ളവർക്ക് നൽകാനായി വിലയ്ക്ക് വാങ്ങും.
യുവകർഷകസേന
'പുതു ഇടം, പുതു സമൂഹം" എന്ന സന്ദേശവുമായി 15 വയസിനും 45 വയസിനും ഇടയിലുള്ളവരെ പരമാവധി കാർഷികവൃത്തിയിലേക്ക് ആകർഷിക്കാൻ യുവകർഷക സേന രൂപീകരിക്കും. ഇവരെ ഉപയോഗിച്ച് പുതിയ സ്ഥലങ്ങളിൽ കൃഷി ചെയ്യുക വഴി കൃഷി വർദ്ധിപ്പിക്കും.