ആലക്കോട്: ഏറേക്കാലത്തെ മുറവിളികൾക്കു ശേഷം പുനർനിർമ്മാണം നടക്കുന്ന ചാണോക്കുണ്ട് പാലത്തിന്റെ പ്രവൃത്തി തങ്ങൾക്ക് പാരയാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ മലയോര വാസികൾ. പാലം പ്രവൃത്തി പൂർത്തിയാകാത്തതാണ് ഇങ്ങനെയൊരു ആശങ്കയ്ക്ക് കാരണം. പഴയപാലം പൊളിക്കുന്ന സമയത്ത് വാഹനങ്ങൾ കടന്നുപോകാൻ ഒരുക്കിയത് പുഴയിൽ മണൽചാക്കുകൾ നിരത്തി താൽക്കാലിക റോഡ് നിർമ്മിച്ചായിരുന്നു. കാലവർഷം ആരംഭിച്ചാൽ ഇതുവഴിയുള്ള വാഹനഗതാഗതം നിലയ്ക്കും.
ഇതോടെ നിരവധി പേർക്ക് പുറം ലോകത്തെത്താൻ പ്രയാസമാകും. ആലക്കോട് - തളിപ്പറമ്പ് റൂട്ടിൽ ചാണോക്കുണ്ട് ടൗണിനോടുചേർന്നുള്ള പാലത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. പുതിയ പാലത്തിന് ഒരു മീറ്റർ ഉയരക്കൂടുതലുണ്ട്. പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞെങ്കിലും ഇരുഭാഗത്തുമുള്ള റോഡ് ഉയർത്തുന്ന ജോലി വൈകുകയാണ്. എത്രയും വേഗം പുതിയപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാൽനട യാത്രപോലും മുടക്കി
ആറുപതിറ്റാണ്ടിന്റെ പഴക്കവും വീതിക്കുറവുമുള്ള പഴയ പാലത്തിലേയ്ക്ക് ഇരുഭാഗത്തുമുള്ള ഇറക്കത്തിൽനിന്നും നിയന്ത്രണംവിട്ട വാഹനങ്ങൾ വന്നിടിച്ച് പാലത്തിന്റെ കൈവരികൾ തകരുകയും ഇതുവഴിയുള്ള കാൽനടയാത്ര പോലും അസാദ്ധ്യമാവുകയും ചെയ്‌തിരുന്നു. ഇതോടെയാണ് പുതിയപാലം നിർമ്മിക്കുവാൻ നടപടിയായത്.
പരാതികളൊഴിഞ്ഞിട്ടില്ല
അപ്രോച്ച് റോഡിന്റെ ഉയരം കുറയ്ക്കുവാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് പരിഹരിച്ചെങ്കിലും നിലവിലുള്ള റോഡിന്റെ ഒരു വശത്ത് മാത്രമാണ് വീതി കൂട്ടിയിരിക്കുന്നത്.
മഴ ശക്തമാകുന്നതിന് മുമ്പ് പാലം പ്രവൃത്തി പൂർത്തിയാക്കണം. ഇല്ലെങ്കിൽ വാഹന ഗതാഗതം മുഴുവൻ തടസപ്പെടാനിടയുണ്ട്.
ജോഷി പൂങ്കുടിയിൽ,
കോൺഗ്രസ് ബാലപുരം ബൂത്ത് പ്രസിഡന്റ്