thoppi-
പടം ..തളങ്കര തൊപ്പി തളങ്കരയിലെ അബൂബക്കർ മുസ്ലിയാർ തൊപ്പി നിർമ്മാണത്തിൽ ( ഫയൽ ഫോട്ടോ )

കാസർകോട്: കൊവിഡ് രോഗബാധയെ തുടർന്ന് പെരുന്നാൾ ആഘോഷം വീടുകളിലേക്ക് ഒതുക്കിയതോടെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ തയ്യാറാക്കുന്ന തളങ്കര തൊപ്പി വിറ്റഴിയാതെ കിടക്കുന്നു. കാസർകോട്ടെയും ദക്ഷിണ കർണ്ണാടകയിലെയും വസ്ത്രാലയങ്ങളിലെല്ലാം തളങ്കര തൊപ്പിയുണ്ട്. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെയാണ് വസ്ത്രാലയങ്ങൾ തുറന്നു തുടങ്ങിയത്.

റംസാൻ നാളുകളിലാണ് പുതുവസ്ത്രങ്ങൾ അണിയുന്നതോടൊപ്പം തളങ്കര തൊപ്പിയും പ്രതാപത്തിന്റെ അടയാളമായി കുട്ടികളും മുതിർന്നവരും ധരിച്ചിരുന്നത്. പെരുന്നാളിന് 'തളങ്കര തൊപ്പി ഇല്ലാതെ എന്ത് ആഘോഷം' എന്നതാണ് കാസർകോടിന്റെ രീതി. പുതുവസ്ത്രം വാങ്ങുന്ന കാശ് ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനാണ് ഇസ്ലാംമത നേതൃത്വങ്ങൾ ആഹ്വാനം ചെയ്തിട്ടുള്ളത്. വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്നതും പരിമിതമായി. അറബിക് പേർഷ്യൻ നിസ്കാര പായയെ ഓർമ്മിപ്പിക്കുന്ന വിധം ചിത്രപ്പണികളോടു കൂടിയ തളങ്കര തൊപ്പി കാസർകോട്ടുകാരുടെ ഹരവും ഗമയുമായിരുന്നു.

കരവേലകളാണ് തളങ്കര തൊപ്പിയെ ആകർഷകമാക്കുന്നത്. ഇന്ത്യയുമായി അറബികൾ വ്യാപാര ബന്ധം ആരംഭിച്ച കാലം മുതൽ തളങ്കര തൊപ്പി വിദേശങ്ങളിലേക്ക് പറന്നിരുന്നു. തളങ്കരയിലെ 300 ഓളം കുടുംബങ്ങളുടെ ജീവിതോപാധി ആയിരുന്നു തളങ്കര തൊപ്പി നിർമ്മാണം. കോട്ടൺ തുണികളിൽ ഗതകാല പ്രൗഢിയോടെ തുന്നിച്ചേർത്ത് നിർമ്മിച്ച് വന്നിരുന്ന തൊപ്പി ഒരു നാടിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെയാണ് കടലുകൾക്ക് അപ്പുറത്ത് എത്തിച്ചിരുന്നത്. 175 രൂപ മുതൽ 200 രൂപ വരെയാണ് തൊപ്പിയുടെ വില.

നിർമ്മാണം ബാങ്കോട്ടെ കുടുംബത്തിൽ

ഗൾഫിലും മുംബൈയിലും കയറ്റിയയച്ചിരുന്ന തൊപ്പിയുടെ നിർമ്മാണം ഇപ്പോൾ തളങ്കര ബാങ്കോട്ടെ ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങി. സ്വദേശത്തും വിദേശത്തും ഏറെ പ്രിയങ്കരമായ തളങ്കര തൊപ്പി നിർമ്മാണ രംഗത്തും വ്യാപാര രംഗത്തും 60 വർഷത്തോളം നിറഞ്ഞുനിന്നിരുന്ന അബൂബക്കർ മുസ്ല്യാർ ഈ അടുത്തകാലത്ത് മരിച്ചതോടെ മകൻ അബ്ദുൾ റഹീമും കുടുംബവുമാണ് തൊപ്പി നിർമ്മാണം തുടരുന്നത്. ഈ രംഗത്ത് അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.