കണ്ണൂർ: 62 കാരിയായ ധർമ്മടം സ്വദേശിനിയ്ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ധർമ്മടം പഞ്ചായത്തിനെ ഇതിനകം ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഇവരെ ചികിത്സിച്ച തലശേരിയിലെയും കോഴിക്കോട്ടെയും രണ്ട് ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പോയി. ഇവരെ ചികിത്സിച്ച കോഴിക്കോട്ടെ ആരോഗ്യപ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യവില്പനക്കാരായ മക്കളും മകളുടെ ഭർത്താവും ഉൾപ്പെടെ ഇരുപതിലേറെ അംഗങ്ങളുള്ള കുടുംബത്തിലെ അംഗമായ ഇവർക്ക് കൊവിഡ് പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപട്ടിക തയാറാക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. കഴിഞ്ഞ രണ്ടുവർഷമായി ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയമായിട്ടുള്ള ഇവർക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ മുംബയിൽ നിന്ന് എത്തിയ ചൊക്ളി മേക്കുന്ന് സ്വദേശികളായ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ സമ്പർക്കപട്ടിക തയാറാക്കുകയാണ്. മേക്കുന്നിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് രേഖപ്പെടുത്തി അതിർത്തി കടന്നെത്തിയ ഇവർ തലശേരി നഗരത്തിൽ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫ്ലാറ്റിലാണ് എത്തിയത്.
ഫ്ലാറ്റിലെ സെക്യൂരിറ്റി വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ മേക്കുന്നിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ തങ്ങൾക്ക് കൊവിഡില്ലെന്നും സ്വന്തം ഫ്ലാറ്റിൽ കയറാൻ വിടാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞിരുന്നു.ദമ്പതികളിൽ ഭർത്താവ് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും ഭാര്യ തലശേരി ജനറൽ ആശുപത്രിയിലുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.