കണ്ണൂർ: കൊവിഡ് 19രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് കോർപറേഷൻ തല മാനേജ്‌മെന്റ് കമ്മിറ്റിയോഗം വിലയിരുത്തി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ 6 മണിവരെയായി നിജപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. കച്ചവടസ്ഥാപനങ്ങൾ നേരത്തെ പൊലീസ് അടപ്പിക്കുന്നതായും അത് ശരിയല്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി. ആയിക്കര മത്സ്യമാർക്കറ്റിലും സെൻട്രൽ മാർക്കറ്റിലും സാമൂഹ്യ അകലം പാലിച്ചുകൊണ്ടും മത്സ്യ വിൽപന പുനരാരംഭിക്കുന്നതിനും മത്സ്യത്തിന് കൊള്ളവില ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
നഗരത്തിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിൽ നൽകുന്ന ഭക്ഷണത്തിന് ഭീമമായ തുക ഈടാക്കുന്നതായി പരാതി ഉണ്ടായ സാഹചര്യത്തിൽ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിൽ നൽകുന്ന ഭക്ഷണത്തിന് നിരക്ക് നിശ്ചയിച്ചു നൽകണമെന്ന് ജില്ലാ ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടു. മേയർ സുമാ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ടി.ഒ. മോഹനൻ, അഡ്വ. പി. ഇന്ദിര, കൗൺസിലർമാരായ സി. സമീർ, എൻ. ബാലകൃഷ്ണൻ, കോർപറേഷൻ സെക്രട്ടറി ഡി. സാജു, ഡോ. ബി. സന്തോഷ്, ടൗൺ എസ്.ഐ സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.