കണ്ണൂർ: കൊവിഡ് 19 വൈറസ് വ്യാപനം കുത്തനെ ഉയർന്ന് തുടങ്ങിയതോടെ മലബാറിലെ ജില്ലകൾ കടുത്ത ആശങ്കയിൽ. ഇന്നലെ സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് വടക്കൻ ജില്ലകളിൽ ആശങ്കയേറുന്നത്. കണ്ണൂർ- 12, കാസർകോട്- 7, കോഴിക്കോട്, പാലക്കാട് 5 വീതം, തൃശൂർ, മലപ്പുറം 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. സംസ്ഥാനത്ത് പോസിറ്റീവായതിൽ പകുതിയും മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നും വന്നവരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലം രോഗം വന്നിട്ടുണ്ട്. കോഴിക്കോട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗബാധ ഉണ്ടായത്.
കണ്ണൂരിൽ ഇതിനകം പതിനായിരം പേർ നിരീക്ഷണത്തിലായിട്ടുണ്ട്. 9,897 പേർ നിരീക്ഷണത്തിൽ ആയതിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 49 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 34 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ഏഴു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 17 പേരും വീടുകളിൽ 9,790 പേരുമാണ് കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 5,314 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5,133 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4,869 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 181 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതമാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലക്കാട്- 26, കാസർകോട് -21, കോഴിക്കോട് -19, തൃശൂർ- 16 എന്നിങ്ങനെയാണ് കൂടുതൽ പേർ ചികിത്സയിലുള്ള മറ്റു ജില്ലകൾ. രോഗ വ്യാപനത്തെ പ്രതിരോധിക്കാൻ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. നാളെ പെരുന്നാൾ നടക്കാനിരിക്കെ ആളുകൾ തമ്മിൽ സമ്പർക്കം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. പെരുന്നാൾ നിസ്കാരം വീട്ടിൽ മതിയെന്ന് മത പുരോഹിതരടക്കം പ്രഖ്യാപിച്ചത് ആശ്വാസം നൽകുന്നുണ്ട്.