കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് മഹാരാഷ്ട്രയിലെ താനെയിൽ കുടുങ്ങിയ കുടുംബം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് അപകടത്തിൽ പെട്ടു. തൃശൂർ സ്വദേശി അനൂപ് പോളും(65) ഭാര്യയും കൊച്ചു മകനും സഞ്ചരിച്ച കാറാണ് പുലർച്ചെ പൂമാല ഭഗവതി ക്ഷേത്രത്തിന് സമീപമെത്തിയതോടെ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.
ക്രോസ് ബാറിൽ കാറും ഡ്രൈവറും കുരുങ്ങി. പൊലീസിനും നാട്ടുകാർക്കും ഇവരെ പുറത്തെടുക്കാൻ സാധിച്ചില്ല. ഒടുവിൽ കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി, ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ 108 ആംബുലൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അജയന്റെ നേതൃത്വത്തിലാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയത്. സേനാംഗങ്ങളായ കെ.കെ ദിലീഷ്, ശ്രീകാന്ത്, കെ. നിജിൽ, കെ. ധനേഷ്, ശ്രീകാന്ത്, ലിജാം, കെ. സുബൈർ, ഭരത്, ഹോം ഗാർഡുമാരായ മനോജ്, അനിൽ കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.ഇവരോടൊപ്പം മറ്റു രണ്ടു കാറുകളിലും ആൾക്കാർ ഉണ്ടായിരുന്നു. അനൂപിന്റെ മകളും കുടുംബവും തൃശൂരിലുണ്ട്. ഇവരുടെ മകനാണ് കാറിൽ ഉണ്ടായിരുന്ന കുട്ടി.